ഓക്‌സ്‌ഫോര്‍ഡ്, ആസ്ട്രാസെനെക കൊറോണാവൈറസ് വാക്‌സിന്‍ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുന്നവരുടെ എണ്ണം ബ്രിട്ടനില്‍ കുതിക്കുന്നു. അപൂര്‍വ്വ ബ്ലഡ് ക്ലോട്ടുമായി വാക്‌സിന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലാണ് ആശങ്കയായി വളരുന്നതെന്ന് ജിപിമാര്‍ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തെ സാരമായി ബാധിക്കുന്ന ഭീതി വളരുന്നതിനിടെ എല്ലാ പ്രായത്തിലുമുള്ള രോഗികളില്‍ നിന്നും ബ്രിട്ടീഷ് നിര്‍മ്മിത വാക്‌സിന് പകരം വാക്‌സിന്‍ വേണമെന്ന ആവശ്യം ഉയരുന്നതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതിന് പുറമെ തലവേദന ഉള്ളതായി പരാതിപ്പെട്ട് ബ്രെയിന്‍ സ്‌കാന്‍ വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നവരുടെ എണ്ണമേറുന്നതായും ജിപിമാര്‍ വ്യക്തമാക്കി. ബ്ലഡ് ക്ലോട്ടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിന്റെ ഭാഗമായി റെഗുലേറ്റര്‍മാര്‍ 30 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതോടെയാണ് പൊതുജനങ്ങള്‍ക്ക് സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്. ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിച്ച 20 മില്ല്യണ്‍ ജനങ്ങളില്‍ കേവലം 79 പേര്‍ക്കാണ് പ്രശ്‌നങ്ങളുണ്ടായതെന്നതാണ് വാസ്തവം.
ഇതിനിടെ യുവാക്കള്‍ക്ക് നല്‍കിയിട്ടുള്ള അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കാന്‍ വാക്‌സിനേഷന്‍ സൈറ്റുകള്‍ക്ക് അയച്ച കത്തില്‍ എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് തല്‍ക്കാലം വാക്‌സിന്‍ നല്‍കേണ്ടെന്നാണ് തീരുമാനം. എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കെയറര്‍മാര്‍ക്കും ഈ നിയമം ബാധകമാണ്. ഇവര്‍ക്ക് പകരമായ ഫിസര്‍, മോഡേണ വാക്‌സിനുകള്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം. ഫിസര്‍ വാക്‌സിന്‍ രണ്ടാം ഡോസ് റേഷന്‍ ചെയ്താണ് നല്‍കുന്നത്. മോഡേണ വാക്‌സിന്‍ ഈ മാസം അവസാനത്തോടെയാണ് നല്‍കിത്തുടങ്ങുക.
യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചതോടെ ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിച്ചവര്‍ പരിഭ്രാന്തിയിലാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. തങ്ങളുടെ തലച്ചോറിലും ബ്ലഡ് ക്ലോട്ട് രൂപപ്പെട്ടെന്ന ഭീതിയിലാണ് ഇവര്‍. അതേസമയം വാക്‌സിന്‍ ഭീതിയില്‍ ഡോസ് സ്വീകരിക്കാന്‍ 30ല്‍ താഴെയുള്ളവര്‍ വിസമ്മതിച്ചാല്‍ ദീര്‍ഘകാല കൊവിഡ് ബാധയ്ക്കാണ് വഴിയൊരുങ്ങുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.