രാജ്യം ഒരു മിനിറ്റ് നേരത്തെ നിശബ്ദത ആചരിച്ച് എഡിന്‍ബര്‍ഗ് ഡ്യൂക്കിന് അന്ത്യയാത്ര ഒരുക്കും. ഏപ്രില്‍ 17ന് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജസ് ചാപ്പലിലാണ് ഫിലിപ്പ് രാജകുമാരന്റെ ആചാരപരമായ രാജകീയ സംസ്‌കാരചടങ്ങുകള്‍ സംഘടിപ്പിക്കുകയെന്ന് ബക്കിംഗ്ഹാം കൊട്ടാരം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 3 മണിയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കുമ്പോഴാണ് രാജ്യം ഒരു നിമിഷം മൗനം ആചരിക്കുക.
അതേസമയം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥി പട്ടികയില്‍ നിന്നും പിന്‍വാങ്ങി. കൊറോണാവൈറസ് വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ പിന്‍മാറ്റമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം രണ്ടാഴ്ച ഔദ്യോഗിക രാജകീയ ദുഃഖാചരണം നീളും. ഡ്യൂക്കിന്റെ മക്കള്‍, പേരക്കുട്ടികള്‍, മറ്റ് അടുത്ത കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് മാത്രമാണ് അതിഥികളായി എത്തുക.
'പ്രിയപ്പെട്ട പപ്പാ' എന്ന് അഭിസംബോധന ചെയ്താണ് ചാള്‍സ് രാജകുമാരന്‍ പിതാവിന് ആദരവ് അര്‍പ്പിച്ച് വീഡിയോ പുറത്തുവിട്ടത്. പിതാവിനെ ഏറെ മിസ് ചെയ്യുമെന്നും, ലഭിച്ച അനുശോചനങ്ങള്‍ നന്ദിയുണ്ടെന്നും വെയില്‍സ് രാജകുമാരന്‍ വ്യക്തമാക്കി. തന്റെ മരണം ആഘോഷമാക്കാതെ ചെറിയ ചടങ്ങായി നടത്തണമെന്ന ഡ്യൂക്കിന്റെ ആഗ്രഹത്തിനൊത്ത് അദ്ദേഹം തയ്യാറാക്കിയ ലാന്‍ഡ് റോവറിലാണ് ചാപ്പലിലേക്ക് മൃതദേഹം എത്തിക്കുന്നത്.
ലാന്‍ഡ് റോവര്‍ കസ്റ്റമൈസ് ചെയ്ത് ശവപ്പെട്ടി കൊണ്ടുപോകാന്‍ പാകത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡ്യൂക്കിന്റെ സഹായത്തോടെ റീഡിസൈന്‍ ചെയ്തിരുന്നു. ഇതേ വാഹനത്തില്‍ ഫിലിപ്പിന്റെ മൃതശരീരം വഹിച്ച് അന്ത്യയാത്ര നടക്കുമ്പോള്‍ നേവല്‍ ക്യാപ്പും, വാളും, റീത്തും സമര്‍പ്പിക്കും. റോയല്‍ മറീന്‍സ്, റെജിമെന്റ്‌സ്, കോര്‍പ്‌സ്, എയര്‍ സ്റ്റേഷന്‍ എന്നിങ്ങനെ മിലിറ്ററിയുമായുള്ള ഡ്യൂക്കിന്റെ ബന്ധം വ്യക്തമാക്കുന്നതാകും യാത്ര.