73 വര്‍ഷക്കാലം തനിക്ക് താങ്ങും, തണലും, പിന്തുണയുമായി ഉറച്ചുനിന്ന പ്രിയതമന് സ്വന്തം കൈപ്പടയില്‍ കുറിച്ച സന്ദേശം ശവപേടകത്തില്‍ വെച്ച പൂക്കള്‍ പൊതിഞ്ഞ റീത്തില്‍ ചേര്‍ത്തുവെച്ച് രാജ്ഞി. 'സ്‌നേഹസ്മരണകളോടെ' എന്ന ആമുഖത്തോടെയാണ് രാജ്ഞി ഫിലിപ്പ് രാജകുമാരന് കുറിപ്പെഴുതിയത്. രാജ്ഞിയുടെ ചെറുപ്പകാലത്തെ വിളിപ്പേരായ 'ലിലിബെറ്റ്' എന്നാണ് കുറിപ്പിന് കീഴില്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെറുപ്പത്തില്‍ വീണുകിട്ടിയ ആ പേര് ഏറ്റവും അടുപ്പമുള്ള കുടുംബാംഗങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 2002ല്‍ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ വെച്ച പൂക്കളിലും രാജ്ഞി 'ലിലിബെറ്റ്' എന്നാണ് ഒപ്പുചാര്‍ത്തിയത്. ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്രയില്‍ രാജ്ഞി കണ്ണീര് തുടച്ച് മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും അകന്ന് ഒറ്റയ്ക്കാണ് സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ ഇരുന്നത്.
സംസ്‌കാര ചടങ്ങില്‍ പ്രിയതമനൊപ്പമുള്ള ജീവിതത്തിലെ മികച്ച സ്മരണകളെ ഒപ്പം കൂട്ടാന്‍ രാജ്ഞി തയ്യാറായി. ഹാന്‍ഡ്ബാഗില്‍ ഫിലിപ്പിന്റെ ട്രേഡ് മാര്‍ക്ക് വൈറ്റ് ഹാന്‍ഡ്‌കെര്‍ച്ചീഫ് മുതല്‍ ഒരുമിച്ചുള്ള ചിത്രം വരെ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ചാപ്പലിലേക്ക് നടക്കവെ നിശബ്ദമായി നടന്ന ഹാരി, വില്ല്യം രാജകുമാരന്‍മാര്‍ തിരികെ മടങ്ങുമ്പോള്‍ പരസ്പരം സംസാരിച്ചു. രാജ്ഞിക്ക് പുറമെ മെഗാന്‍ മാര്‍ക്കിളും വ്യക്തിപരമായ സന്ദേശം കുറിച്ച കാര്‍ഡ് ശവപേടകത്തില്‍ ചാര്‍ത്തി.
ആറ് മാസം ഗര്‍ഭിണിയായ മെഗാന്‍ യാത്ര ചെയ്യാന്‍ അനുമതിയില്ലാത്തതിനാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ടെലിവിഷനിലാണ് സംസ്‌കാര ചടങ്ങുകള്‍ മെഗാന്‍ വീക്ഷിച്ചത്. ഹാരി അര്‍പ്പിച്ച റീത്തിലാണ് മെഗാന്റെ കുറിപ്പും ഉള്‍പ്പെടുത്തിയത്.