ലോക്ക്ഡൗണ്‍ നീട്ടുന്നതിന് പിന്തുണ നല്‍കാന്‍ ഋഷി സുനാകും. ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ വിലക്കുകള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടിയില്‍ മുറവിളി ഉയരുമ്പോഴും ഡെല്‍റ്റ വേരിയന്റ് മൂലമുള്ള ആശങ്ക ഉയര്‍ന്നതോടെയാണ് ഫ്രീം ഡേ വൈകിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡെല്‍റ്റ വേരിയന്റ് സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ് മന്ത്രിമാര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. ലോക്ക്ഡൗണ്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ അവസാനിപ്പിക്കണമെന്ന് വാദിച്ച് വന്നിരുന്ന പ്രധാനപ്പെട്ട മന്ത്രിമാരില്‍ ഒരാളായ ചാന്‍സലറാണ് ഇപ്പോള്‍ രണ്ടാഴ്ചയെങ്കിലും വിലക്കുകള്‍ നീളുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുന്നത്.
മന്ത്രിതല യോഗത്തില്‍ ഋഷി സുനാക് ഈ നിലപാട് പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രിക്ക് ജൂണ്‍ 21 ഫ്രീഡം ഡേയുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ കഴിയും. പരമാവധി രണ്ടാഴ്ച വരെ മാത്രം വിലക്ക് നീട്ടുന്നതിനാണ് സുനാക് സമ്മതം മൂളിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ പേരില്‍ ഫര്‍ലോംഗ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നീട്ടാന്‍ കഴിയില്ലെന്ന് സുനാക് വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് കേസുകള്‍ വീണ്ടും തലപൊക്കിയതോടെയാണ് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച സജീവമായത്. ജൂണ്‍ 21 ആകുമ്പോഴേക്കും ദൈനംദിന കേസുകള്‍ 10,000ല്‍ എത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇന്നലെ മാര്‍ച്ചിന് ശേഷം ആദ്യമായി 6000 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഡോസ് വാക്‌സിന്‍ മാത്രം ലഭിച്ചവര്‍ ഡെല്‍റ്റ വേരിയന്റ് ഭീഷണി നേരിടുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
ഇംഗ്ലണ്ടിന്റെ നോര്‍ത്ത് വെസ്റ്റ് മേഖലയിലാണ് കൊവിഡ് ഡെല്‍റ്റ വേരിയന്റ് വ്യാപനം പ്രത്യക്ഷമായ വിലക്കുകള്‍ക്ക് കാരണമാകുന്നത്. ഈ മേഖലകളിലെ ആറ് മില്ല്യണ്‍ ജനങ്ങളോട് മറ്റ് ആളുകളുമായി ഔട്ട്‌ഡോറില്‍ കൂടിക്കാഴ്ച നടത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം, ഒപ്പം യാത്രകള്‍ ചുരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബോള്‍ട്ടണില്‍ നിലവിലുള്ള വിലക്കുകള്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലേക്കും, ലങ്കാഷയറിലേക്കും വ്യാപിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.
മേഖലയിലെ 22 കൗണ്‍സിലുകള്‍ക്ക് കൊവിഡ് ടെസ്റ്റിംഗ് നടത്താന്‍ സൈനിക സഹായം ലഭ്യമാക്കും. കൂടാതെ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഫേസ് മാസ്‌കുകള്‍ നിര്‍ബന്ധമാക്കാന്‍ ആരോഗ്യ മേധാവികള്‍ക്ക് അവകാശം നല്‍കും. നോര്‍ത്ത് വെസ്റ്റില്‍ മാത്രമായി ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന നിര്‍ദ്ദേശങ്ങളല്ലെന്നും, പ്രദേശവാസികള്‍ക്കുള്ള ഉപദേശമാണെന്നുമാണ് പ്രാദേശിക നേതാക്കള്‍ വാദിക്കുന്നത്.