ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ പ്രതികരണം. സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്‌നമില്ലെന്നും കങ്കണ പറയുന്നു.
'വരുമാനത്തിന്റെ 45 ശതമാനവും നികുതി നല്‍കുന്നയാളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് നല്‍കുന്ന ബോളിവുഡ് നടിയെന്ന പദവിയും സ്വന്തമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്.'
'ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്. ഞാന്‍ നികുതി അടയ്ക്കാന്‍ വൈകി, അടയ്ക്കാത്ത ആ നികുതി പണത്തിന് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ട്, എന്നിട്ടും ഞാന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവര്‍ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിത്, എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു' എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.