യുകെയിലെ 91 ശതമാനം വരെ കൊവിഡ് കേസുകള്‍ക്കും പിന്നില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റ്! ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് മേഖലയിലും മഹാമാരി കൈവിട്ട രീതിയില്‍ വര്‍ദ്ധിക്കുകയാണെന്ന് മാറ്റ് ഹാന്‍കോക് മുന്നറിയിപ്പ് നല്‍കി. ഇതോടെ ജൂണ്‍ 21ന് ഫ്രീഡം ഡേ നടപ്പാക്കാമെന്ന മോഹമാണ് അസ്ഥാനത്താകുന്നത്.
മഹാമാരി കൈകാര്യം ചെയ്തതില്‍ നം.10ന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് സെലക്ട് കമ്മിറ്റി എംപിമാര്‍ ഹെല്‍ത്ത് സെക്രട്ടറിയെ ചോദ്യം ചെയ്യവെയാണ് ഇൗ മുന്നറിയിപ്പ് ഹാന്‍കോക് നല്‍കിയത്. രൂപമാറ്റം വന്ന ഡെല്‍റ്റ വേരിയന്റ് പ്രതീക്ഷിച്ചതിലും ഏറെ വേഗത്തിലാണ് വ്യാപിക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ഡെല്‍റ്റ വേരിയന്റ് കെന്റ് വേര്‍ഷനേക്കാള്‍ 60 ശതമാനം അധികം വ്യാപനശേഷിയുള്ള വൈറസാണെന്ന് നം.10 ഉന്നത ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു. കൂടാതെ മൂന്നാം ഘട്ട വ്യാപനത്തിന് ഈ വേരിയന്റ് കാരണമാകുമെന്ന് സേജ് മോഡലേഴ്‌സും മുന്നറിയിപ്പ് നല്‍കുന്നു.
90 ശതമാനം അതോറിറ്റികളിലും കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഡാറ്റ വ്യക്തമാക്കുന്നത്. ചെഷയറിലെ ഹാള്‍ട്ടണില്‍ നാലിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ബ്രിട്ടനില്‍ കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം ഒരാഴ്ച കൊണ്ട് ഇരട്ടിയായെന്ന് മറ്റൊരു പഠനം വ്യക്തമാക്കി. ജൂണ്‍ 5ന് അവസാനിച്ച ആഴ്ചയില്‍ യുകെയില്‍ പ്രതിദിനം 11,908 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് സോയ് കൊവിഡ് സ്റ്റഡി പറയുന്നത്. വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരിലും, ഒരു ഡോസ് മാത്രം ലഭിച്ചവരിലുമാണ് മഹാമാരി വളരുന്നതെന്ന് ഈ ഗവേഷകര്‍ ഉറപ്പിക്കുന്നു.
യുകെയിലെ നിലവിലെ ഹോട്ട്‌സ്‌പോട്ട് സ്‌കോട്ട്‌ലണ്ടിലെ സ്റ്റിര്‍ലിംഗാണ്. മറ്റ് ദുരിതബാധിത മേഖലകള്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിന് ചുറ്റുവട്ടതാണ്. ഡെല്‍റ്റ വേരിയന്റാണ് ഇവിടങ്ങളില്‍ ശക്തമായിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ആശുപത്രി അഡ്മിഷനുകള്‍ 40 ശതമാനത്തോളം വര്‍ദ്ധിച്ചതായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കി. സാമൂഹിക അകലവും, മാസ്‌ക് ധരിക്കലും എക്കാലവും ബ്രിട്ടീഷ് ജീവിതത്തിന്റെ ഭാഗമായി മാറുമെന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ സൈക്കോളജിസ്റ്റും, സര്‍ക്കാര്‍ ഉപദേശകയുമായ പ്രൊഫസര്‍ സൂസന്‍ മിച്ചിയുടെ വാക്കുകള്‍.