യുകെയില്‍ രണ്ട് രോഗികള്‍ക്ക് മാരകമായ കുരങ്ങ് പനി സ്ഥിരീകരിച്ചു. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ എംപിമാര്‍ക്ക് മുന്നില്‍ വിവരിക്കവെയാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് മറ്റൊരു അപൂര്‍വ്വ വൈറസും പൊട്ടിപ്പുറപ്പെട്ടത് കൈകാര്യം ചെയ്യുന്നതായി വ്യക്തമാക്കിയത്.
നിലവില്‍ സ്ഥിതിഗതികള്‍ സ്റ്റാന്‍ഡേര്‍ഡ് നിലയിലാണുള്ളതെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. വൈറസ് എത്ര പേര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ പിടിപെട്ടിട്ടുള്ളതെന്നോ, കൊറോണാവൈറസിനൊപ്പം കുരങ്ങുപനിയും ബ്രിട്ടനില്‍ വ്യാപിക്കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ ഹാന്‍കോക് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.
പബ്ലിക് ഹെല്‍ത്ത് വെയില്‍സാണ് കുരങ്ങ് പനി പിടിപെട്ട രണ്ട് കേസുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. നോര്‍ത്ത് വെയില്‍സിലെ ഒരേ വീട്ടില്‍ നിന്നുള്ളവരാണ് രോഗികള്‍. എന്നാല്‍ ഇവരുടെ പ്രായവും, മറ്റ് വിവരങ്ങളും നല്‍കിയിട്ടില്ല. ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഇരുവര്‍ക്കും വിദേശത്ത് നിന്നാണ് വൈറസ് പിടിപെട്ടതെന്ന് മാത്രമാണ് വിവരം. സെന്‍ഡ്രല്‍, വെസ്റ്റ് ആഫ്രിക്കയിലാണ് കുരങ്ങ് പനി സാധാരണമായി കാണുന്നത്. മേയ് ആദ്യമാണ് രോഗികള്‍ക്ക് വൈറസ് പിടിപെട്ടത്. കൊവിഡ് യാത്രാവിലക്കുകള്‍ നിലനിന്നതിനാല്‍ ഇവര്‍ സെല്‍ഫ് ക്വാറന്റൈനിലുമായിരുന്നു.
പനിക്ക് സമാനമായ ലക്ഷണങ്ങളും, തൊലിപ്പുറത്ത് കുമിളകളും രൂപപ്പെടുന്ന ഈ രോഗത്തിന് ഇടയാക്കുന്നത് കുരങ്ങിലും, എലികളിലും, അണ്ണാനുകളിലും പടരുന്ന വൈറസാണ്. ചര്‍മ്മങ്ങള്‍ തമ്മില്‍ ബന്ധം വരുമ്പോഴും, ചുമ, ചുമ്മല്‍, വൈറസ് കലര്‍ന്ന വസ്ത്രങ്ങള്‍ എന്നിവയിലൂടെ മനുഷ്യരിലേക്ക് പടരാം. മനുഷ്യര്‍ തമ്മില്‍ വൈറസ് പടരുന്നത് അസാധാരണമാണ്.