CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 11 Seconds Ago
Breaking Now

കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കാതെ സന്തോഷം പ്രകടിപ്പിക്കൂ! ജി7 സമ്മേളനത്തില്‍ ലോകനേതാക്കള്‍ ഫോട്ടോ എടുക്കവെ രാജ്ഞിയുടെ കമന്റ് ചിരി പടര്‍ത്തി; ലുക്ക് ഇങ്ങനെ ആണെങ്കിലും സന്തോഷിക്കുന്നുണ്ടെന്ന് ബോറിസ്!

രാജ്ഞിയുടെ ചോദ്യം കേട്ട് അത്രയും നേരം ബലം പിടിച്ച് നിന്ന നേതാക്കള്‍ക്കിടയില്‍ ചിരി പൊട്ടി

ലോകത്തിലെ അതിശക്തരായ നേതാക്കള്‍ അണിനിരക്കുന്ന വേദിയെ കൈയിലെടുത്ത് ബ്രിട്ടീഷ് രാജ്ഞി. ജി7 സമ്മേളന വേദിയില്‍ ലോകനേതാക്കള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയപ്പോഴാണ് രാജ്ഞി സ്വതസിദ്ധമായ ഹാസ്യം എടുത്ത് പ്രയോഗിച്ചത്. നേതാക്കള്‍ ബലം പിടിച്ച് ഫോട്ടോയ്ക്കായി ഒരുങ്ങിയപ്പോള്‍ 'നിങ്ങള്‍ സ്വയം സന്തോഷിക്കുന്നതായി ആളുകള്‍ക്ക് തോന്നണ്ടേ', എന്നാണ് രാജ്ഞി ചോദിച്ചത്. 

രാജ്ഞിയുടെ ചോദ്യം കേട്ട് അത്രയും നേരം ബലം പിടിച്ച് നിന്ന നേതാക്കള്‍ക്കിടയില്‍ ചിരി പൊട്ടി. കോണ്‍വാളിലെ ഈഡന്‍ പ്രൊജക്ടില്‍ വെച്ചായിരുന്നു റിസപ്ഷന്‍ സംഘടിപ്പിച്ചത്. 95-കാരിയായ രാജ്ഞിയുടെ പൊടുന്നനെയുള്ള ചോദ്യം കേട്ട് നേതാക്കള്‍ അറിയാതെ ചിരിച്ചുപോയി. തമാശയ്ക്ക് മറുപടി നല്‍കിയത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ്- 'ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്, കാഴ്ചയില്‍ അങ്ങിനെ തോന്നുന്നില്ലെന്നേ ഉള്ളൂ', അദ്ദേഹം പറഞ്ഞു. 

രാജകുടുംബം സമ്പൂര്‍ണ്ണ ശക്തിയിലാണ് റിസപ്ഷന് എത്തിയത്. രാജ്ഞിക്കൊപ്പം വെയില്‍സ് രാജകുമാരനും, കോണ്‍വാള്‍ ഡച്ചസും, കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസും ഒത്തുചേര്‍ന്നു. ബോറിസും, ഭാര്യ കാരി ജോണ്‍സനും രാജകുടുംബ അംഗങ്ങളെ ആശംസിച്ചു. 3000 പൗണ്ടിന്റെ അലക്‌സാന്‍ഡര്‍ മക്ക്വീന്‍ ഗൗണ്‍ അണിഞ്ഞാണ് കെയ്റ്റ് എത്തിയത്. അതേസമയം പ്രധാനമന്ത്രിയുടെ ഭാര്യ വാടകയ്ക്ക് എടുത്ത വസ്ത്രത്തിലും വേദിയിലെത്തി. 

യുഎസുമായി സ്വതന്ത്ര വ്യാപാര കരാര്‍ അടിയന്തരമായി നേടാനുള്ള ശ്രമത്തിലാണ് ബോറിസ് ജോണ്‍സണ്‍. ഈ ശ്രമത്തിന് പിന്തുണ നല്‍കാനാണ് രാജകുടുംബം നയതന്ത്ര ശ്രമങ്ങളില്‍ പങ്കുചേര്‍ന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.