രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളില്‍ മാറ്റം പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ച ജീവനക്കാര്‍ ക്വാറന്റൈന്‍ ചെയ്യണമെന്നില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
എന്‍എച്ച്എസ് കൊവിഡ് 19 ആപ്പ് 'പിംഗ്' ചെയ്യുന്നത് മൂലം ആശുപത്രികളിലെ ജീവനക്കാര്‍ ക്വാറന്റൈനിലായതോടെ ചില ആശുപത്രികള്‍ ഓപ്പറേഷനുകള്‍ വരെ റദ്ദാക്കിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് അവഗണിക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കിയത്. പോസിറ്റീവ് കേസുമായി സമ്പര്‍ക്കത്തില്‍ വന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ഫലം ലഭിച്ചാല്‍ ജോലിയില്‍ തിരികെ എത്താമെന്നാണ് പുതിയ നിയമം.
ഇവര്‍ ദിവസേന ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് നടത്തുകയും, ജോലിയിലുള്ള സമയത്ത് മുഴുവന്‍ ശ്രദ്ധയോടെ പിപിഇ ധരിക്കാനുമാണ് നിര്‍ദ്ദേശം. എന്‍എച്ച്എസ് കൊവിഡ് 19 ആപ്പ് 'പിംഗ്' ചെയ്തവര്‍ക്കും, എന്‍എച്ച്എസ് ടെസ്റ്റ് & ട്രേസ് ബന്ധപ്പെട്ടവര്‍ക്കും ഈ നയം മാറ്റം ബാധകമാണ്. ജീവനക്കാര്‍ക്ക് അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ സെല്‍ഫ് ഐസൊലേറ്റ് ചെയ്യേണ്ടത് നിയമപരമായ ഉത്തരവാദിത്വമായി തുടരുമെങ്കിലും, ഇവരുടെ അഭാവത്തില്‍ ജോലിസ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കുമെങ്കില്‍ ഇളവ് നല്‍കാമെന്നാണ് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.
ഓര്‍ഗനൈസേഷന്‍ മാനേജ്‌മെന്റ് ഓരോ കേസും പരിശോധിച്ച് അപകടസാധ്യത വിലയിരുത്തിയ ശേഷം തീരുമാനമെടുക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കുന്ന സാഹചര്യത്തില്‍ ഫ്രണ്ട്‌ലൈന്‍ സ്റ്റാഫിന് ജനങ്ങള്‍ക്ക് സാധ്യമായ സേവനം നല്‍കാന്‍ വഴിയൊരുക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഈ ഘട്ടത്തിലാണ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിച്ച എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ ആവശ്യമെങ്കില്‍ ജോലിയില്‍ തുടരാന്‍ അനുമതി നല്‍കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.