CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 10 Seconds Ago
Breaking Now

നഴ്‌സുമാര്‍ ഉള്‍പ്പെടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3% ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിപ്പിക്കും; സോഷ്യല്‍ കെയറിനായി കണ്ടെത്തുന്ന അധിക തുക വഴിതിരിച്ച് വിടും; 12% വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഹെല്‍ത്ത് യൂണിയനുകള്‍ സമരത്തിലേക്ക്; നഴ്‌സുമാര്‍ക്ക് കൈവരുന്നത് പ്രതിവര്‍ഷം 1000 പൗണ്ട് അധികം!

ആരോഗ്യ ജീവനക്കാര്‍ക്ക് ഒരു ശതമാനം വര്‍ദ്ധനവ് നല്‍കാമെന്നാണ് മാര്‍ച്ചില്‍ മന്ത്രിമാര്‍ വ്യക്തമാക്കിയത്

നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മൂന്ന് ശതമാനം ശമ്പളവര്‍ദ്ധനവ് സാധ്യമാകുന്നു. നേരത്തെ നിശ്ചയിച്ചതിലും, വാഗ്ദാനം ചെയ്തതിലും ഏറെ കുറവാണ് ഈ വര്‍ദ്ധന. അതേസമയം മറ്റ് സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള വര്‍ദ്ധനവ് തടഞ്ഞുവെച്ച് കൊണ്ട് എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് മാത്രമായാണ് വര്‍ദ്ധന വരുന്നത്. പക്ഷെ ഈ വര്‍ദ്ധനയ്ക്കുള്ള പണം കണ്ടെത്താനായി നാഷണല്‍ ഇന്‍ഷുറന്‍സ് ഉയര്‍ത്തി സോഷ്യല്‍ കെയറിനായി കണ്ടെത്താന്‍ ഉദ്ദേശിച്ച തുക വഴിതിരിച്ച് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത വര്‍ഷം കൊണ്ടുവരുന്ന പുതിയ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ടാക്‌സ് വഴി 1.5 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തുമെന്നാണ് കണക്ക്. മഹാമാരി കാലത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കിയതിന് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3% ശമ്പളവര്‍ദ്ധന നല്‍കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും, മറ്റ് പബ്ലിക് സെര്‍വന്റ്‌സിനും ശമ്പള മരവിപ്പ് നേരിടണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

നഴ്‌സുമാര്‍, പാരാമെഡിക്കുകള്‍, കണ്‍സള്‍ട്ടന്റുമാര്‍, ഡെന്റിസ്റ്റ്, സാലറിയിലുള്ള ജിപി, ഡൊമസ്റ്റിക് സ്റ്റാപ്, സപ്പോര്‍ട്ട് വര്‍ക്കേഴ്‌സ് എന്നിവരും ഹെല്‍ത്ത് സര്‍വ്വീസ് ശമ്പള വര്‍ദ്ധനവിന്റെ ഗുണഭോക്താക്കളാകും. മുന്‍പൊരിക്കലും നേരിടാത്ത വര്‍ഷത്തെ അതിശയിപ്പിക്കുന്ന പോരാട്ടത്തിന് അംഗീകാരമായാണ് ഈ വര്‍ദ്ധനവെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 

ആരോഗ്യ ജീവനക്കാര്‍ക്ക് ഒരു ശതമാനം വര്‍ദ്ധനവ് നല്‍കാമെന്നാണ് മാര്‍ച്ചില്‍ മന്ത്രിമാര്‍ വ്യക്തമാക്കിയത്. രണ്ട് ഘട്ട കൊറോണാവൈറസ് വ്യാപനത്തിന് ശേഷം ഇത്തരമൊരു വര്‍ദ്ധന മുഖത്തിനേറ്റ അടിയാണെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരുന്നു. ശരാശരി നഴ്‌സിന് വര്‍ഷം 1000 പൗണ്ട് അധികം ലഭിക്കാന്‍ പുതിയ വര്‍ദ്ധന കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു. പോര്‍ട്ടര്‍മാര്‍ക്കും, ക്ലിനേഴ്‌സിനും ഏകദേശം 540 പൗണ്ട് വര്‍ദ്ധന ലഭിക്കും. എന്നിരുന്നാലും ഈ വര്‍ഷം ഏപ്രില്‍ വരെ മുന്‍കാല പ്രാബല്യത്തിലാകും വര്‍ദ്ധന. 

എന്നാല്‍ പുതിയ പ്രഖ്യാപനത്തില്‍ യൂണിയനുകള്‍ തൃപ്തരല്ല. ചുരുങ്ങിയത് 5% വര്‍ദ്ധന വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദശകങ്ങള്‍ക്കിടെ ആദ്യമായി സമരത്തിന് ഇറങ്ങുമെന്നാണ് സര്‍ജന്‍മാരും, സീനിയര്‍ ഡോക്ടര്‍മാരും ഭീഷണി മുഴക്കിയിരിക്കുന്നത്. 15% ശമ്പളവര്‍ദ്ധനവെന്ന ആവശ്യത്തിന് മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.