CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 50 Seconds Ago
Breaking Now

ബ്രിട്ടനില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് കേസുകള്‍ കുതിക്കും! നിലവിലെ ശാന്തത വരുംദിനങ്ങളിലെ അപകടത്തിന്റെ സൂചനയെന്ന് വിദഗ്ധര്‍; കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് 20-കളില്‍ പ്രായമുള്ളവരില്‍; ദിവസേന 60,000 പേരെ വൈറസ് പിടികൂടുന്നുവെന്ന് ശാസ്ത്രജ്ഞര്‍; അതും ഡബിള്‍ ഡോസ് വാക്‌സിനെടുത്തവരെ?

വൈറസ് ഇപ്പോള്‍ അധികമായി കാണുന്നത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലാണെന്നതാണ് ഇതിലെ ഞെട്ടിക്കുന്ന ഘടകം

രാജ്യത്തെ കൊവിഡ് കേസുകളില്‍ നിലവില്‍ രേഖപ്പെടുത്തുന്ന ചെറിയ കുറവ് വരുംദിനങ്ങളിലെ കുതിപ്പിന് മുന്നോടിയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. രണ്ട് മാസത്തിനിടെ ആദ്യമായാണ് ബ്രിട്ടനിലെ ദൈനംദിന ഇന്‍ഫെക്ഷനില്‍ കുറവ് വന്നിരിക്കുന്നത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യാഴാഴ്ച രേഖപ്പെടുത്തിയത് 39,906 പോസിറ്റീവ് കേസുകള്‍, കഴിഞ്ഞ ആഴ്ചയേക്കാള്‍ 17.8 ശതമാനം കുറവ്. മൂന്നാം വ്യാപനത്തില്‍ നിന്നും സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ പ്രതീക്ഷ ഉയര്‍ന്നെങ്കിലും സന്തോഷിക്കാന്‍ വകയില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. 

കേസുകള്‍ കുറയുന്നത് പോസിറ്റീവ് കാര്യമാണെങ്കിലും ജൂലൈ 19ന് ആരംഭിച്ച ഫ്രീഡം ഡേയുടെ യഥാര്‍ത്ഥ പ്രത്യാഘാതം പ്രത്യക്ഷപ്പെടാന്‍ സമയമായിട്ടില്ലെന്ന് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റി എപ്പിഡെമോളജിസ്റ്റ് പ്രൊഫസര്‍ പോള്‍ ഹണ്ടര്‍ പറഞ്ഞു. വരുന്ന ആഴ്ചകളില്‍ കേസുകള്‍ കൂടുതല്‍ ഉയരാനും ഇടയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 19ന് ആരംഭിച്ച ഇളവുകളുടെ ആഘാതം അറിയാന്‍ സമയമായിട്ടില്ല. പലയിടത്തും സ്‌കൂളുകള്‍ അടച്ചതിനാല്‍ കുട്ടികള്‍ ടെസ്റ്റിംഗിന് വിധേയമാകുന്നില്ല. അടുത്ത ആഴ്ചയുടെ അവസാനത്തോടെ വിലക്കുകളിലെ ഇളവിന്റെ പ്രതികരണമുണ്ടാകും, പ്രൊഫസര്‍ ഹണ്ടര്‍ മുന്നറിയിപ്പ് നല്‍കി. 

നിലവില്‍ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി പ്രായം 55 ആണ്. കഴിഞ്ഞ ആഴ്ച രാജ്യത്തെ അഞ്ച് മേഖലകളില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മഹാമാരി വ്യാപിച്ചതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇരുപതുകളില്‍ പ്രായമുള്ളവരെയാണ് വൈറസ് അധികമായി പിടികൂടുന്നത്. ലക്ഷണങ്ങളോടെയുള്ള കേസുകളും ഉയരുകയാണെന്ന് പഠനം കൂട്ടിച്ചേര്‍ത്തു. യൂറോ കപ്പിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടിച്ചേര്‍ന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കിയെന്നാണ് വിദഗ്ധര്‍ കരുതുന്നത്. 

കിംഗ്‌സ് കോളേജ് ലണ്ടന്‍ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ജൂലൈ 17 വരെയുള്ള ആഴ്ചയില്‍ പ്രതിദിനം 60,000 പേര്‍ക്ക് കൊവിഡ് പിടിപെട്ടതായാണ് കരുതുന്നത്. വാക്‌സിനേഷന്‍ എടുക്കാത്ത ജനങ്ങള്‍ക്ക് പകരം വൈറസ് ഇപ്പോള്‍ അധികമായി കാണുന്നത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലാണെന്നതാണ് ഇതിലെ ഞെട്ടിക്കുന്ന ഘടകം. ഒരു ഡോസ് സ്വീകരിച്ചവരിലും ഇതിലും കുറവാണ്. എന്നാല്‍ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഇതിന് അര്‍ത്ഥമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.