CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes Ago
Breaking Now

വരൂ ബ്രിട്ടന്‍, നമുക്ക് കൊവിഡിനൊപ്പം ജീവിക്കാം! വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച്, യാത്രാ വിലക്കുകള്‍ വെട്ടിനിരത്തി, ലോക്ക്ഡൗണുകള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ ബോറിസിന്റെ വിന്റര്‍ പദ്ധതി; മാസ്‌കും, വര്‍ക്ക് ഫ്രം ഹോമും തിരിച്ചെത്തിയേക്കും

ക്രിസ്മസിന് കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരം ലഭിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സൂചന നല്‍കി

പഴയ സ്വാതന്ത്ര്യത്തോടെ, മാസ്‌ക് വെച്ച് ശ്വാസം മുട്ടാതെ, ജീവിതം ആഘോഷിക്കാന്‍ ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരും? ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴും വിദൂരം. എന്നിരുന്നാലും വിന്റര്‍ വരുമ്പോള്‍ വിലക്കുകള്‍ കൊണ്ട് രാജ്യത്തെ വീര്‍പ്പുമുട്ടിക്കാതെ മുന്നോട്ട് പോകാനുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അണിയറയില്‍ ഒരുക്കുന്നത്. 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോള്‍ ദേശീയ ലോക്ക്ഡൗണുകള്‍ ഇല്ലാതെ മുന്നോട്ട് പോകാമെന്നാണ് ബോറിസ് പ്രഖ്യാപിക്കുക. 

കൊവിഡ് നിയമങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ അധിക വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിനെ ആശ്രയിച്ചാകും നടപ്പാക്കും. പ്രായമായവരിലും, രോഗസാധ്യ അധികമുള്ളവരിലും തുടങ്ങുന്ന നടപടികള്‍ വഴി ഭാവിയില്‍ അടച്ചുപൂട്ടലുകള്‍ ഒഴിവാക്കുകയാണ് പ്രധാനമന്ത്രി ലക്ഷ്യമാക്കുന്നത്. യാത്രാ വിലക്കുകള്‍ ഒഴിവാക്കി പിസിആര്‍ ടെസ്റ്റിംഗ് തലവേദനയ്ക്ക് അറുതി വരുത്താനും, ട്രാഫിക് ലൈറ്റ് സിസ്റ്റം പൂര്‍ണ്ണമായി നിര്‍ത്താലാക്കാനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വാക്‌സിന്‍ പാസ്‌പോര്‍ട്ടിനെതിരെ ടോറി എംപിമാരില്‍ നിന്ന് പോലും എതിര്‍പ്പ് രൂക്ഷമായതിനാല്‍ ഈ മാസം വാക്‌സിന്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. വിന്റര്‍ എത്തുന്നതോടെ കൊവിഡ് കേസുകള്‍ ഉയരുന്ന ഘട്ടം വന്നാല്‍ പ്രധാന ആയുധമാകുക വാക്‌സിന്‍ പാസ്‌പോര്‍ട്ടായിരിക്കും. ലോക്ക്ഡൗണുകള്‍ ഉണ്ടാകില്ലെങ്കിലും മറ്റുള്ള കര്‍ശനമായ വിലക്കുകള്‍ പൂര്‍ണ്ണമായി ഒഴിവിക്കില്ലെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഈ ക്രിസ്മസിന് കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരം ലഭിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സൂചന നല്‍കി. 2020ല്‍ കെന്റ് വേരിയന്റ് ആഞ്ഞടിച്ചപ്പോള്‍ ആഘോഷങ്ങള്‍ നാടകീയമായി വെട്ടിച്ചുരുക്കിയിരുന്നു. എന്തായാലും രാജ്യം കൊവിഡിനൊപ്പം ജീവിക്കുക എന്ന 'മന്ത്രവുമായി' മുന്നോട്ട് പോകാനാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് തീരുമാനം. 




കൂടുതല്‍വാര്‍ത്തകള്‍.