CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 55 Seconds Ago
Breaking Now

വാക്‌സിനില്‍ കുടുങ്ങി കെയര്‍ ഹോമുകള്‍ അടച്ചുപൂട്ടുമോ? നിര്‍ബന്ധിത കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനുള്ള തീയതി നീട്ടിയില്ലെങ്കില്‍ നിയമം തെറ്റിച്ച് വാക്‌സിനെടുക്കാത്ത ജീവനക്കാരെ നിയോഗിക്കാന്‍ നിര്‍ബന്ധിതമാകും; നവംബര്‍ 11നകം കെയര്‍ ജീവനക്കാര്‍ രണ്ട് ഡോസ് എടുക്കണമെന്ന നിബന്ധന നടപ്പാകുമോ?

കെയറര്‍മാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാതിരിക്കാനുള്ള മെഡിക്കല്‍ കാരണങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു

വാക്‌സിനെടുക്കാതെ ജോലി ചെയ്യേണ്ടെന്ന സര്‍ക്കാര്‍ നയം കെയര്‍ ഹോമുകള്‍ക്ക് പാരയാകുന്നു. ജീവനക്കാര്‍ പൂര്‍ണ്ണമായും വാക്‌സിനെടുക്കാതെ വരുന്നതോടെ ഒന്നുകില്‍ കെയര്‍ ഹോം അടയ്ക്കുകയോ, അല്ലെങ്കില്‍ നിയമം തെറ്റിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥ നേരിടുന്നുവെന്നാണ് മുന്നറിയിപ്പ്. 

നവംബര്‍ 11-നകം കെയറര്‍മാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണമെന്ന നിബന്ധന മൂലം ജീവനക്കാര്‍ ജോലി നിര്‍ത്തിപ്പോകുന്ന അവസ്ഥ നേരിടുമെന്നാണ് യൂണിയനുകളും, കെയര്‍ മേധാവികളും മുന്നറിയപ്പ് നല്‍കുന്നത്. രണ്ട് ഡോസ് വാക്‌സിനുകള്‍ തമ്മില്‍ എട്ടാഴ്ച വ്യത്യാസം വേണമെന്നതിനാല്‍ ആദ്യ ഡോസ് സ്വീകരിക്കാത്ത കെയര്‍ ഹോം വര്‍ക്കേഴ്‌സിന് ഈ കുത്തിവെയ്പ്പ് എടുക്കാനുള്ള അവസാന ദിനമായി ഇന്ന് മാറും.

ഇംഗ്ലണ്ടിലെ പ്രായമായവരെ പരിപാലിക്കുന്ന 470,000 കെയര്‍ ഹോം ജോലിക്കാരില്‍ 92 ശതമാനം പേര്‍ക്കും സെപ്റ്റംബര്‍ 5-ഓടെ ആദ്യ ഡോസ് സ്വീകരിക്കാന്‍ കഴിഞ്ഞു. 84 ശതമാനം പേര്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷനും നേടി. ജിഎംബി ട്രേഡ് യൂണിയന്‍ കണക്ക് പ്രകാരം നവംബര്‍ 11 സമയപരിധിയില്‍ 70,000 ജീവനക്കാര്‍ക്ക് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിക്കില്ലെന്നാണ് കരുതുന്നത്. 

ഇതോടെ ഹോമുകള്‍ അടയ്ക്കുകയോ, നിയമം തെറ്റിക്കുകയോ, സ്റ്റാന്‍ഡേര്‍ഡ് കുറഞ്ഞ കെയര്‍ നല്‍കുകയോ ചെയ്യേണ്ടി വരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പ്രൊവൈഡര്‍ കെയര്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ ഗ്രീന്‍ പറഞ്ഞു. എല്ലാവരും വാക്‌സിനെടുക്കുന്നത് നല്ല കാര്യമാണ്. പക്ഷെ ഇത്തരമൊരു പദ്ധതി മൂലം നേരിടുന്ന ജീവനക്കാരുടെ ലഭ്യതക്കുറവ് നേരിടുന്നത് എങ്ങിനെയെന്ന് സര്‍ക്കാരിന്റെ പദ്ധതിയില്‍ പറയുന്നില്ല, ഗ്രീന്‍ ചൂണ്ടിക്കാണിച്ചു. 

അതേസമയം കെയറര്‍മാര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാതിരിക്കാനുള്ള മെഡിക്കല്‍ കാരണങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു. പഠനവൈകല്യം, ഓട്ടിസം, വാക്‌സിന്‍ അലര്‍ജി, ആദ്യ ഡോസില്‍ ഗുരുതര റിയാക്ഷന്‍ നേരിട്ടവര്‍, ഗര്‍ഭിണികളായ കെയര്‍ ഹോം ജീവനക്കാര്‍, ഹൃസ്വകാല മെഡിക്കല്‍ കണ്ടീഷനുള്ളവര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും. എന്നാല്‍ ചില ജീവനക്കാര്‍ ഇതൊരു അവസരമായി മുതലാക്കുമെന്ന് ആരോപണമുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.