CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 16 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാരനെ 'തമാശയ്ക്ക്' കുത്തിക്കൊന്ന ഗുണ്ടാ സംഘാംഗങ്ങള്‍ക്ക് 101 വര്‍ഷം ജയില്‍ശിക്ഷ; ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയില്‍ ജീവന്‍ പോയത് നിരപരാധിക്ക്; എതിര്‍ ടീമിന്റെ അതിര്‍ത്തിക്ക് അകത്ത് നിന്ന 24-കാരനെ കൊന്നത് മുന്നറിയിപ്പ് നല്‍കാന്‍?

വീടിന് മുന്നില്‍ വെച്ച് കുടുംബത്തെ സാക്ഷിയാക്കി ചോര വാര്‍ന്ന് മരിക്കുകയായിരുന്നു

എതിര്‍ ഗുണ്ടാ സംഘത്തില്‍ പെട്ട അംഗങ്ങളെ തിരയുന്നതിനിടെ എന്‍എച്ച്എസ് ജീവനക്കാരനെ കുത്തിക്കൊന്ന നാല് കൊലയാളികള്‍ക്ക് 101 വര്‍ഷം ജയില്‍ശിക്ഷ. ഈസ്റ്റ് ലണ്ടന്‍ കാനിംഗ് ടൗണില്‍ വീടിന് സമീപത്ത് കാമുകിയുമായി ഫോണില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന 24-കാരന്‍ ഡേവിഡ് ഗൊമോഹിനെയാണ് അക്രമികള്‍ ഓടിച്ചിട്ട് ഒന്‍പത് തവണ കുത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26-നാണ് ഒരു തമാശയ്ക്ക് ഗുണ്ടാസംഘം അക്രമം സംഘടിപ്പിച്ചത്. 

നോര്‍ത്ത്‌സൈഡ് ന്യൂഹാം സംഘത്തില്‍ പെട്ട അംഗങ്ങള്‍ എതിരാളികളായ കസ്റ്റം ഹൗസ് & ബെക്ടണ്‍ സംഘത്തിന് മുന്നറിയിപ്പ് നല്‍കാനാണ് എന്‍എച്ച്എസ് ജോലിക്കാരന്റെ ജീവനെടുത്തത്. റാംബോ കത്തികളും, വടിവാളുകളും ഉപയോഗിച്ചായിരുന്നു അക്രമം. 19-കാരായ ഡേവിഡ് ടുറെ, മുഹമ്മദ് ജല്ലോ, 23-കാരന്‍ വാഗ്നെയ് കൊളുബലി എന്നിവരെ നേരത്തെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. 

സംഭവസമയത്ത് 18 വയസ്സില്‍ താഴെ പ്രായമുണ്ടായിരുന്ന നാലാമത്തെ പ്രതി അലക്‌സ് മേലാകുവിനും ഇപ്പോള്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഓരോരുത്തരെയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച കോടതി ജാല്ലോയും, കൊളുബലിയും ചുരുങ്ങിയത് 27 വര്‍ഷം ശിക്ഷ അനുഭവിക്കാനും, ടുറെ 26 വര്‍ഷവും, മേലാകു 21 വര്‍ഷവും ചുരുങ്ങിയത് ജയിലില്‍ കിടക്കാന്‍ വിധിച്ചു. 

സംഭവദിവസം മോഷ്ടിച്ച കാറില്‍ എത്തിയ സംഘം ന്യൂഹാം എന്‍എച്ച്എസ് നൈറ്റിംഗേല്‍ ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് ഗൊമോഹിനെ വാഹനം ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തിയത്. സെന്റ് ബാര്‍ട്‌സ് ഹോസ്പിറ്റല്‍ ജീവനക്കാരനായിരുന്ന ഗൊമോഹ് ഇവിടെ നിന്നും എഴുന്നേറ്റ് ഓടിയെങ്കിലും വീടിന് മുന്നില്‍ വെച്ച് കുടുംബത്തെ സാക്ഷിയാക്കി ചോര വാര്‍ന്ന് മരിക്കുകയായിരുന്നു. കൊറോണാവൈറസ് ബാധിച്ച് മരിച്ച പിതാവിന്റെ സംസ്‌കാരം നടക്കാനിരിക്കവെയാണ് ഗൊമോഹും കൊല്ലപ്പെട്ടത്.




കൂടുതല്‍വാര്‍ത്തകള്‍.