CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 11 Minutes 23 Seconds Ago
Breaking Now

സ്‌കൂള്‍ തുറന്നിട്ടും യുകെയിലെ കൊവിഡ് കേസുകള്‍ കുതിച്ചില്ല! ഒരാഴ്ചയ്ക്കിടെ 13% കുറഞ്ഞു; ഹോസ്പിറ്റല്‍ അഡ്മിഷനിലും ഇടിവ്; ദൈനംദിന രോഗികളുടെ എണ്ണം കുറഞ്ഞത് തുടര്‍ച്ചയായി 9-ാം ദിനം; 178 പേര്‍ക്ക് ജീവന്‍ നഷ്ടമായി

സമ്മര്‍ ബ്രേക്ക് കഴിഞ്ഞ് സെപ്റ്റംബര്‍ 1ന് മിക്ക സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു

ബ്രിട്ടനിലെ കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ 9-ാം ദിവസവും കുറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതോടെ കേസുകള്‍ കുതിച്ചുയരുമെന്ന ആശങ്ക അസ്ഥാനത്താക്കിയാണ് ഈ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 32,651 പുതിയ രോഗികളെ കൂടി കണ്ടെത്തിയെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കില്‍ നിന്നും 13% കുറവ്. 

സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം രണ്ട് ദിവസത്തെ കേസുകള്‍ സ്‌കോട്ട്‌ലണ്ട് ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണ് കടന്നുപോയത്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ കേസുകള്‍ കുതിച്ചുയരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇത് പ്രാവര്‍ത്തികമായിട്ടില്ല. ഒടുവില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 909 പേര്‍ കൂടി ആശുപത്രിയില്‍ വൈറസ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടു. ഒരാഴ്ച മുന്‍പത്തെ കണക്കില്‍ 14 ശതമാനം കുറവ്. 

അതേസമയം 178 പേര്‍ക്ക് മരണം സംഭവിച്ചു. ഇത് കഴിഞ്ഞ വെള്ളിയാഴ്ചയില്‍ നിന്നും വര്‍ദ്ധനവാണ്. മില്ല്യണ്‍ കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ മടങ്ങിയെത്തിയെങ്കിലും കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമായിട്ടില്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെപ്റ്റംബര്‍ 11 വരെയുള്ള ഏഴ് ദിവസങ്ങളില്‍ 697,100 ആളുകള്‍ക്ക് വൈറസ് പിടിപെട്ടിട്ടുണ്ടെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നിരീക്ഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

സമ്മര്‍ ബ്രേക്ക് കഴിഞ്ഞ് സെപ്റ്റംബര്‍ 1ന് മിക്ക സ്‌കൂളുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ആഗസ്റ്റ് മധ്യത്തില്‍ സ്‌കോട്ട്‌ലണ്ടില്‍ സ്‌കൂളുകള്‍ തുറന്നപ്പോള്‍ കേസുകള്‍ കുതിച്ചുയര്‍ന്നിരുന്നു. ഇതിന് സമാനമായ രീതിയില്‍ ഇംഗ്ലണ്ടിലും കേസുകള്‍ ഉയരുമെന്നാണ് ആശങ്കപ്പെട്ടിരുന്നത്. സ്‌കോട്ട്‌ലണ്ടിലെ അനുഭവം കണ്ടതോടെയാണ് ഇംഗ്ലണ്ടില്‍ 12-15 വയസ്സുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സമ്മര്‍ദമേറിയത്. 




കൂടുതല്‍വാര്‍ത്തകള്‍.