CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 20 Seconds Ago
Breaking Now

ബ്രിട്ടന്‍ പുതിയ കൊവിഡ് വേരിയന്റുകളെ ഇറക്കുമതി ചെയ്യുമോ? അന്താരാഷ്ട്ര യാത്രകള്‍ക്ക് ടെസ്റ്റിംഗ് സിസ്റ്റം ഉപേക്ഷിച്ചത് അപകടം ക്ഷണിച്ച് വരുത്തുമെന്ന് സേജ് ഉപദേശകന്റെ മുന്നറിയിപ്പ്; ഒക്ടോബര്‍ 4 മുതല്‍ ഇളവുകള്‍ വരുമ്പോള്‍ അവസ്ഥ ദുരന്തത്തിലേക്കോ?

യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ മറ്റ് രാജ്യങ്ങളില്‍ പോയി തിരിച്ചെത്തുമ്പോള്‍ വൈറസുമായി വരാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍

അന്താരാഷ്ട്ര യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ ടെസ്റ്റിംഗ് സിസ്റ്റം അവസാനിപ്പിക്കുന്നതോടെ മാരകമായ പുതിയ കൊവിഡ് വേരിയന്റുകളെ ഇറക്കുമതി ചെയ്യുന്ന അവസ്ഥ വരുമെന്ന് മുന്നറിയിപ്പ്. സേജ് ഉപദേശകനാണ് മന്ത്രിമാര്‍ക്ക് ഈ പദ്ധതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 

പിസിആര്‍ ടെസ്റ്റിന് അന്യായ വില ഈടാക്കുന്ന രീതി അവസാനിപ്പിച്ച് എന്‍എച്ച്എസ് വഴി ടെസ്റ്റിംഗ് ഒരുക്കുന്ന തരത്തിലേക്ക് സിസ്റ്റം മാറ്റുകയാണ് വേണ്ടിയിരുന്നതെന്ന് സബ് കമ്മിറ്റി അംഗം പ്രൊഫസര്‍ സ്റ്റീഫന്‍ റീച്ചര്‍ പറഞ്ഞു. ഒക്ടോബര്‍ 4 മുതല്‍ ട്രാഫിക് ലൈറ്റ് സിസ്റ്റം അവസാനിപ്പിച്ച് റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. യുകെ അംഗീകരിച്ച വാക്‌സിന്‍ ഡബിള്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് യാത്രക്ക് മുന്‍പുള്ള ടെസ്റ്റിംഗ് ഒഴിവായി കിട്ടും. 

കൂടാതെ യുകെയില്‍ എത്തിച്ചേര്‍ന്ന ശേഷം രണ്ടാം ദിനം നടത്തേണ്ട പിസിആര്‍ ടെസ്റ്റിന് പകരം വിലകുറഞ്ഞ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റ് എടുത്താല്‍ മതിയാകും. പിസിആര്‍ ടെസ്റ്റിംഗിന് പല കമ്പനികളും വായില്‍ തോന്നിയ ചാര്‍ജ്ജ് ഈടാക്കുന്നതായിരുന്നു അവസ്ഥയെന്ന് പ്രൊഫസര്‍ സ്റ്റീഫന്‍ റീച്ചര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് മെച്ചപ്പെടുത്തുന്നതിന് പകരം സിസ്റ്റം തന്നെ വേണ്ടെന്ന് വെയ്ക്കുകയാണ് ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. 

സ്‌കൂളും, കോളേജും, യൂണിവേഴ്‌സിറ്റിയും, തൊഴിലിടങ്ങളും തിരിച്ചെത്തുന്നതിനൊപ്പം പൊതുഇടങ്ങളില്‍ ആളുകള്‍ സമയം ചെലവിടുകയും ചെയ്യുന്നതോടെ വൈറസിന്റെ പ്രത്യാഘാതം ഏത് വിധത്തിലാകുമെന്ന് അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പിസിആര്‍ ടെസ്റ്റ് അപ്പാടെ വേണ്ടെന്ന് വെച്ചത് അപകടകരമാണ്. വിവിധ വേരിയന്റുകള്‍ എത്തിയാല്‍ തിരിച്ചറിയാനുള്ള ശേഷിയാണ് തടയപ്പെടുന്നത്. ഇത് ബാധിച്ചവര്‍ രാജ്യത്ത് എത്താനും വഴിയൊരുങ്ങും, അദ്ദേഹം പറയുന്നു. 

വാക്‌സിനുകളുടെ ശേഷിയെ പോലും പരിമിതപ്പെടുത്തുന്ന മൂ വേരിയന്റ് പോലുള്ളവ രാജ്യത്തെത്താന്‍ ഈ ഇളവുകള്‍ കാരണമായേക്കാമെന്ന് വാര്‍വിക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ലോറന്‍സ് യംഗും ചൂണ്ടിക്കാണിച്ചു. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ മറ്റ് രാജ്യങ്ങളില്‍ പോയി തിരിച്ചെത്തുമ്പോള്‍ വൈറസുമായി വരാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.