CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Minutes 23 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ക്യാന്‍സറിനെ തോല്‍പ്പിച്ച പെണ്‍കുട്ടി തൊട്ടടുത്തുള്ള ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു; എന്‍എച്ച്എസിന് നന്ദി പറഞ്ഞ പോസ്റ്റിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചരണമേകിയ നഴ്‌സിനെ തിരിച്ചുകിട്ടി!

ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയ മകള്‍ മാഗിയുടെ ചിത്രമാണ് കോണ്‍വാളില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഡോറെ പങ്കുവെച്ചത്

മക്കളെ യൂണിവേഴ്‌സിറ്റി പഠനത്തിന് അയയ്ക്കുന്നത് ഏതൊരു രക്ഷിതാവിനെ സംബന്ധിച്ചുള്ള അഭിമാന നിമിഷമായിരിക്കും. എന്നാല്‍ യുകെയിലെ ഒരു പിതാവിന് ഇത് സൂപ്പര്‍ സ്‌പെഷ്യലായി മാറുകയാണ് ചെയ്തത്. കാരണം മകള്‍ പഠിക്കാന്‍ ചേര്‍ന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യാന്‍സറിനെ തോല്‍പ്പിച്ച ആശുപത്രിയില്‍ നിന്നും ഏതാനും ബ്ലോക്കുകള്‍ മാത്രം അകലെയുള്ള യൂണിവേഴ്‌സിറ്റിയിലാണ്. 

മകളുടെ ചിത്രം പിതാവ് ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെ കഥ വൈറലായെന്ന് മാത്രമല്ല, ചെറിയ കുട്ടിയായിരിക്കവെ പരിചരിച്ച നഴ്‌സ് ഈ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയ മകള്‍ മാഗിയുടെ ചിത്രമാണ് കോണ്‍വാളില്‍ നിന്നുള്ള മാര്‍ട്ടിന്‍ ഡോറെ പങ്കുവെച്ചത്. 

തന്റെ പുതിയ മുറിയില്‍ നിന്നും ബ്രസ്റ്റോള്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ കാണുന്ന തരത്തിലുള്ള മകളുടെ ചിത്രമാണ് പിതാവ് പങ്കുവെച്ചത്. 'സന്തോഷത്തിന്റെ കണ്ണീര്‍' എന്നാണ് ഡോറെ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. 17 വര്‍ഷം മുന്‍പ് മകള്‍ ആറ് മാസക്കാലം ലൂക്കെമിയയ്‌ക്കെതിരെ പോരാടിയത് ആ ആശുപത്രിയില്‍ നിന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മകള്‍ കടന്നുവന്ന ദൂരത്തില്‍ അഭിമാനം പങ്കുവെച്ച പിതാവ് ഇതിന് സഹായിച്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളുടെ സഹായവും, പരിചരവുമില്ലാതെ ഈ ദിനം സാധ്യമാകുമായിരുന്നില്ല, നന്ദി എന്‍എച്ച്എസ്, അദ്ദേഹം ട്വീറ്റ് ചെയ്തു. 

നിരവധി പേര്‍ പോസ്റ്റിന് ആശംസകള്‍ നേര്‍ന്നെങ്കിലും ഒരു കമന്റ് സുപ്രധാനമായി മാറി. മാഗിയെ പരിചരിച്ച നഴ്‌സ് ഷാര്‍ലെറ്റ് ഹിഗ്ബിയാണ് പോസ്റ്റ് വായിച്ച് രോമാഞ്ചം വന്ന കാര്യവും, പെണ്‍കുട്ടിക്ക് ഭാവിയിലേക്കുള്ള ആശംസയും അറിയിച്ചത്.

നഴ്‌സിന്റെ കമന്റില്‍ അതിശയിച്ച പിതാവ് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള മറ്റൊരു സര്‍പ്രൈസ് വാര്‍ത്തയും ഇതോടെ പങ്കുവെച്ചു. നഴ്‌സ് ഷാര്‍ലെറ്റിനെ വിളിച്ചിരുന്ന ചാര്‍ലിയെന്ന പേരാണ് തന്റെ മറ്റൊരു മകള്‍ക്ക് ആദരപൂര്‍വ്വം നല്‍കിയതെന്നായിരുന്നു ആ സര്‍പ്രൈസ്. 

പിതാവിന്റെയും, നഴ്‌സിന്റെ വാക്കുകള്‍ ഓണ്‍ലൈനില്‍ നിരവധി പേരുടെ കണ്ണ് നിറച്ചു. ഇതോടെ പലരും തങ്ങളുടെ മക്കളെ പരിചരിച്ച മെഡിക്കല്‍ പ്രൊഫഷണലുകളുടെ കഥകളും പങ്കുവെച്ചു.




കൂടുതല്‍വാര്‍ത്തകള്‍.