ഞാന്‍ നന്നായില്ലെങ്കിലും മറ്റൊരാള്‍ നന്നാകരുത് എന്ന് കരുതുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍. നമുക്ക് കിട്ടാത്തത് മറ്റൊരാള്‍ക്കും ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍. അന്യരെ കുറിച്ച് അങ്ങിനെയൊക്കെ ചിന്തിക്കുമെങ്കിലും സ്വന്തം മക്കളെ കുറിച്ച് ഈ വിധം ചിന്തിക്കുന്നവരുണ്ടാകുമോ എന്ന് ആരും അത്ഭുതപ്പെടും. അങ്ങിനെയുള്ള ആളുകളും ഉണ്ടെന്നാണ് മെഗാന്‍ മാര്‍ക്കിളിന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ നമ്മളെ ഉത്‌ബോധിപ്പിക്കുന്നത്.
സ്വന്തം മകളുടെ രാജകീയ പദവി തിരിച്ചെടുക്കണമെന്നാണ് ഈ സ്‌നേഹനിധിയായ പിതാവ് ആവശ്യപ്പെടുന്നത്. എല്ലെന്‍ ഷോയില്‍ നല്‍കിയ അഭിമുഖം രാജകുടുംബത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഇദ്ദേഹത്തിന്റെ വിഷമം! ഹാരി രാജകുമാരനൊപ്പം ഒപ്രാ വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് മുന്‍ നടി കൂടിയായ മെഗാന്‍ ടിവി ഷോയില്‍ പങ്കെടുത്തത്.
എന്നാല്‍ ഈ 'ഷോ' കണ്ട് തനിക്ക് പോലും നാണക്കേട് തോന്നിയെന്നാണ് 77-കാരനായ തോമസ് മാര്‍ക്കിള്‍ പ്രതികരിക്കുന്നത്. മെഗാനുമായി അടുപ്പമില്ലാതെ കഴിയുന്ന തോമസിന് ഡച്ചസിന്റെ പ്രത്യക്ഷപ്പെടല്‍ രാജ്ഞിക്കും, രാജകുടുംബത്തിനും, ബ്രിട്ടനിലെ ജനങ്ങളെയും അപമാനിക്കുന്നതായാണ് അനുഭവപ്പെട്ടത്.
അഭിമുഖത്തിന്റെ ഭാഗമായി തെരുവോര കച്ചവടക്കാര്‍ക്കിടയില്‍ എത്തിയ 40-കാരി ഇവരെ ഞെട്ടിച്ചിരുന്നു. ഷോയുടെ ഭാഗമായി ഒരുക്കിയ പ്രാങ്കായിരുന്നു ഇത്. എന്നാല്‍ പിതാവ് തോമസിന് ഇതൊന്നും ഇഷ്ടപ്പെട്ട മട്ടില്ല. 'സ്വയം വിഡ്ഢിവേഷം കെട്ടുന്ന ഇവരുടെ പദവി നഷ്ടമാകണം. എനിക്ക് മകളെ ഇഷ്ടമാണ് പക്ഷെ ഇതെല്ലാം വേഷം കെട്ടാണ്', തോമസ് മാര്‍ക്കിള്‍ സണ്ണിനോട് പറഞ്ഞു.