CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 24 Seconds Ago
Breaking Now

ബ്രിട്ടനില്‍ വീണ്ടും ആശങ്കയുടെ നിഴല്‍; ശാസ്ത്രജ്ഞര്‍ കടുത്ത ആശങ്കയിലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി; ഏറ്റവും മാരകമായ സൂപ്പര്‍-മ്യൂട്ടന്റ് വേരിയന്റ് കുഴപ്പം തന്നെ; വാക്‌സിനുകളുടെ ശേഷി 40 ശതമാനം കുറയ്ക്കുന്നു; സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ 6 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം

വരും ദിവസങ്ങളില്‍ ഈ വേരിയന്റിന് ലോകാരോഗ്യ സംഘടന 'നൂ' എന്ന പേരിടുമെന്നാണ് കരുതുന്നത്

യൂറോപ്പില്‍ കൊവിഡ് കേസുകള്‍ ദുരന്തം തീര്‍ക്കുമ്പോള്‍ ഇതില്‍ നിന്നും മുക്തരായെന്ന് ആശ്വസിച്ചിരുന്ന ബ്രിട്ടനില്‍ അപകടമണി മുഴക്കി സാജിദ് ജാവിദ്. ഇതുവരെ കാണാത്ത തരത്തില്‍ മാരകമായ സൂപ്പര്‍ മ്യൂട്ടന്റ് കൊവിഡ് വേരിയന്റ് വാക്‌സിനുകളുടെ ശേഷി 40 ശതമാനമെങ്കിലും കുറയ്ക്കുന്നതായി കണ്ടെത്തിയതോടെയാണ് ആശങ്ക വ്യാപിക്കുന്നത്. ഇതിന്റെ ഫലമായി സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.  

ബി.1.1.529 വേരിയന്റ് 30-ലേറെ രൂപമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് വിദഗ്ധര്‍ വിശദമാക്കി. നിലവില്‍ അപകടം സൃഷ്ടിച്ച ഡെല്‍റ്റയുടെ ഇരട്ടി ഭേദഗതികളാണ് ഈ വേരിയന്റ് നേടിയിട്ടുള്ളത്. ഇതോടെ വാക്‌സിനുകളെ കൂടുതല്‍ പ്രതിരോധിക്കാനും, മുന്‍ വേര്‍ഷനുകളേക്കാള്‍ വേഗത്തില്‍ വ്യാപിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ ഭയക്കുന്നത്. 

വരും ദിവസങ്ങളില്‍ ഈ വേരിയന്റിന് ലോകാരോഗ്യ സംഘടന 'നൂ' എന്ന പേരിടുമെന്നാണ് കരുതുന്നത്. സൗത്ത് ആഫ്രിക്കയില്‍ വന്‍തോതില്‍ ഇന്‍ഫെക്ഷന്‍ ഉയര്‍ത്തിയ ശേഷം മൂന്ന് രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തിട്ടുണ്ട്. ഹോങ്കോംഗ്, ബോട്‌സ്വാന എന്നിവിടങ്ങള്‍ ഉള്‍പ്പെടെയാണ് പുതിയ വേരിയന്റ് എത്തിച്ചേര്‍ന്നിരിക്കുന്നത്. 

ഇതിന് പ്രതികരണമായാണ് സൗത്ത് ആഫ്രിക്ക, നമീബിയ, ലെസോത്തോ, ബോട്‌സ്വാന, എസ്വാതിനി, സിംബാംബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വെള്ളിയാഴ്ച ഉച്ച മുതല്‍ സസ്‌പെന്‍ഡ് ചെയ്യുന്നതായി ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചത്. ഈ ആറ് രാജ്യങ്ങളും റെഡ് പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ഇസ്രയേലാണ് ഈ ആറ് രാജ്യങ്ങളെ റെഡ് പട്ടികയിലാക്കിയത്. 

യുകെയില്‍ ഇതുവരെ പുതിയ കേസുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ എല്ലാവരെയും ബന്ധപ്പെട്ട് ടെസ്റ്റ് എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം 500 മുതല്‍ 700 വരെ ആളുകളാണ് സൗത്ത് ആഫ്രിക്കയില്‍ നിന്നും യുകെയിലേക്ക് സഞ്ചരിക്കുന്നത്. ശാസ്ത്രജ്ഞര്‍ പുതിയ വേരിയന്റിനെ കുറിച്ച് ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സാജിദ് ജാവിദ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.