
















സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജോലിക്കാര്‍ക്ക് പുതിയ റസിഡന്‍സി നിയമങ്ങള്‍ പ്രകാരം സെറ്റില്‍മെന്റ് നേടാന്‍ 15 വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കാന്‍ ബ്രിട്ടന്‍. കര്‍ശനമായ കുടിയേറ്റ നിയമപരിഷ്‌കാരങ്ങള്‍ ഹോം സെക്രട്ടറി ഷബാന മഹ്മൂദ് അടുത്ത ആഴ്ച പ്രഖ്യാപിക്കുമ്പോള്‍ കെയര്‍ ജോലിക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ആശ്വാസത്തിന് വകയുണ്ടെന്നാണ് സൂചന.
ബ്രിട്ടീഷ് സമൂഹത്തിന് സംഭാവന നല്‍കിയ കുടിയേറ്റക്കാരുടെ കാലുവാരുന്ന പരിപാടി കാണിക്കരുതെന്ന് ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ആവശ്യപ്പെട്ടതോടെയാണ് ഹോം സെക്രട്ടറി ഇളവുകള്‍ക്ക് തയ്യാറാകുന്നത്. ഷബാന മഹ്മൂദ് നിലവില്‍ ബ്രിട്ടനിലുള്ള കുടിയേറ്റക്കാരെ കൂടി പരിഷ്‌കാരങ്ങള്‍ക്ക് കീഴില്‍ എത്തിക്കുന്നതിനെ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമും പിന്തുണയ്ക്കുന്നില്ല.
സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരെ ബാധിക്കുന്ന തരത്തില്‍ ഇമിഗ്രേഷന്‍ നയങ്ങള്‍ പരിഷ്‌കരിക്കുന്നതിനെ ട്രേഡ് യൂണിയനുകളും എതിര്‍ക്കുകയാണ്. പെര്‍മനന്റ് സെറ്റില്‍മെന്റ് നേടാനുള്ള നിയമപരമായ കാത്തിരിപ്പ് 15 വര്‍ഷം വരെ ഉയര്‍ത്താനായിരുന്നു മഹ്മൂദിന്റെ നീക്കം. കൊവിഡിന് ശേഷമുള്ള വര്‍ഷങ്ങളില്‍ വന്‍തോതില്‍ കെയറര്‍മാര്‍ കുടുംബസമേതം എത്തിയിരുന്നു. ഇവര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി ഐഎല്‍ആര്‍ നേടുന്നത് കണക്കുകളെ പെരുപ്പിക്കുമെന്ന ആശങ്കയാണ് ഗവണ്‍മെന്റിനുള്ളത്.
ഐഎല്‍ആറിന് നിലവിലെ അഞ്ച് വര്‍ഷം കാലപരിധി പത്ത് വര്‍ഷമായും, കുറഞ്ഞ വേതനം നേടുന്നവര്‍ക്ക് കാത്തിരിപ്പ് ഇതിലേറെ നീട്ടാനുമാണ് മഹ്മൂദ് പദ്ധതിയിട്ടത്. യുകെയിലേക്കുള്ള കുടിയേറ്റം കൈവിട്ടെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ലേബര്‍ എംപിമാര്‍ തന്നെ തനിക്കെതിരെ തിരിയുമെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയില്‍ വെള്ളം ചേര്‍ക്കാനാണ് ഹോം സെക്രട്ടറി തയ്യാറെടുക്കുന്നത്.