CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 15 Seconds Ago
Breaking Now

കൊവിഡിനെ തുരത്താന്‍ നാലും, അഞ്ചും ബൂസ്റ്റര്‍ വരും? 114 മില്ല്യണ്‍ അധിക വാക്‌സിന്‍ ഡോസുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്ത് യുകെ; അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ബൂസ്റ്ററുകള്‍ നല്‍കാനുള്ള കരുതല്‍ശേഖരം സൂക്ഷിക്കുന്നതിന്റെ അര്‍ത്ഥമെന്ത്?

നിലവില്‍ മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ ജനങ്ങളോട് മന്ത്രിമാര്‍ അപേക്ഷിക്കുകയാണ്

കൊറോണാവൈറസ് ദുരിതം എപ്പോഴാണ് അവസാനിക്കുക? ഡെല്‍റ്റാ വേരിയന്റ് സൃഷ്ടിച്ച ഭീതി ഒരു വിധം കെട്ടടങ്ങി വരുമ്പോഴാണ് 2021ന്റെ അവസാനം നോക്കി ഒമിക്രോണ്‍ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഈ സൂപ്പര്‍ വേരിയന്റിന്റെ സ്വഭാവം ഇനിയും ശാസ്ത്രജ്ഞര്‍ക്ക് പിടികിട്ടിയിട്ടില്ല. ഈ ഘട്ടത്തില്‍ മഹാമാരിയുടെ അവസാനം കുറിയ്ക്കുന്ന തീയതി ഇനിയുമേറെ നീളുമെന്ന ആശങ്കയും ശക്തമാണ്. ഇൗ ആശങ്കയ്ക്ക് അടിസ്ഥാനമേകുന്ന ഒരു തീരുമാനമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാനുള്ള കൊറോണാവൈറസ് വാക്‌സിനുകളുടെ കരുതല്‍ശേഖരം തയ്യാറാക്കുകയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ്. 114 മില്ല്യണ്‍ അധിക ഡോസുകള്‍ക്കാണ് ഇപ്പോള്‍ മന്ത്രിമാര്‍ ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്. പുതിയ വേരിയന്റുകള്‍ക്ക് എതിരെ മാറ്റം വരുത്തി പ്രയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളവയാണ് ഈ വാക്‌സിനുകള്‍. 

മോഡേണ, ഫൈസര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഈ വാക്‌സിനുകള്‍ 2022, 2023 വര്‍ഷങ്ങളിലാണ് യുകെയ്ക്ക് ലഭിക്കുക. അതായത് അടുത്ത രണ്ട് വര്‍ഷത്തേക്ക് സപ്ലൈയില്‍ മറ്റ് പ്രശ്‌നങ്ങള്‍ നേരിടില്ലെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി ഉറപ്പാക്കുന്നുവെന്ന് അര്‍ത്ഥം. ഒമിക്രോണ്‍ വേരിയന്റിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിനുകള്‍ക്കായി പുതിയ കരാര്‍ നല്‍കിയതെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 

ഇതോടെ അടുത്ത രണ്ട് വിന്ററുകളിലും രാജ്യത്തിന്റെ പ്രതിരോധത്തിന് ബൂസ്റ്റര്‍ നല്‍കാനാണ് മന്ത്രിമാരുടെ ലക്ഷ്യമെന്ന് വ്യക്തമാകുന്നുണ്ട്. മോഡേണ 60 മില്ല്യണ്‍ അധിക ഡോസുകളും, ഫൈസര്‍/ബയോഎന്‍ടെക് 54 മില്ല്യണ്‍ ഡോസുകളുമാണ് സപ്ലൈ ചെയ്യുക. ഫൈസറിന്റെ 35 മില്ല്യണ്‍ ഡോസ് അടുത്ത വര്‍ഷം മറ്റൊരു ഓര്‍ഡറില്‍ ലഭിക്കാനുണ്ട്. കൂടാതെ 60 മില്ല്യണ്‍ നോവാവാക്‌സ്, 7.5 മില്ല്യണ്‍ ജിഎസ്‌കെ/സനോഫി ഡോസുകളും 2022ല്‍ പ്രതീക്ഷിക്കുന്നുണ്ട്. 

നിലവില്‍ മൂന്നാം ഡോസ് വാക്‌സിനെടുക്കാന്‍ ജനങ്ങളോട് മന്ത്രിമാര്‍ അപേക്ഷിക്കുകയാണ്. ഫൈസര്‍ വാക്‌സിന്‍ ലോകത്തില്‍ ആദ്യമായി യുകെ അംഗീകരിച്ചതിന്റെ ഒന്നാം വാര്‍ഷികവും ഇതോടൊപ്പം എത്തിക്കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.