CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 35 Minutes 46 Seconds Ago
Breaking Now

പാര്‍ലമെന്റിലെ മയക്കുമരുന്ന് ഉപയോക്താക്കള്‍ ആര്? ബോറിസ് ജോണ്‍സന്റെ പ്രൈവറ്റ് ഓഫീസിന് സമീപത്ത് നിന്ന് പോലും കൊക്കെയിന്റെ അംശം കണ്ടെത്തി; ഭരണസിരാകേന്ദ്രത്തിലെ 12 സൈറ്റില്‍ പതിനൊന്നിടത്തും കൊക്കെയിന്‍ സാന്നിധ്യം; മയക്കുമരുന്നുകാരെ കണ്ടെത്താന്‍ സ്‌നിഫര്‍ ഡോഗുകളെ ഇറക്കുന്നു

നാര്‍കോടിക്‌സ് ദുരിതം ഉണ്ടാക്കുകയാണെന്നും, നിയമങ്ങള്‍ ഉദാരമാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ബോറിസ്

ഭരണനിരാകേന്ദ്രത്തില്‍ സ്‌നിഫര്‍ ഡോഗുകളെ ഇറക്കുന്നുവെന്ന് കേട്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നേണ്ടതില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ഇരിക്കുന്ന ഓഫീസുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഈ വിധത്തിലുള്ള നടപടികള്‍ സ്വാഭാവികമാണ്. എന്നാല്‍ പാര്‍ലമെന്റിലെ മയക്കുമരുന്ന് ഉപയോഗം വെട്ടിക്കുറയ്ക്കാനാണ് സ്‌നിഫര്‍ ഡോഗുകളെ രംഗത്തിറക്കുന്നതെന്ന് കേട്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍ വെയ്ക്കും!

പാര്‍ലമെന്റിലെ 12 മേഖലകളില്‍ 11 ഇടത്തും കൊക്കെയിന്റെ അംശം കണ്ടെത്തിയ സാഹചര്യത്തിലാണ് മുതിര്‍ന്ന എംപിമാര്‍ ഈ നീക്കം പരിഗണിക്കുന്നത്. ബോറിസ് ജോണ്‍സന്റെയും, ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെയും സ്വകാര്യ ഓഫീസുകള്‍ക്ക് സമീപമുള്ള ബാത്ത്‌റൂമുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് അനധികൃത മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പാലസ് ബില്‍ഡിംഗിലും, സമീപത്തെ പോര്‍ട്ട്കള്ളിസ് ഹൗസിലുമുള്ള ടോയ്‌ലറ്റുകളില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയ വിവരം പോലീസിനെ അറിയിക്കുമെന്ന് കോമണ്‍സ് സ്പീക്കര്‍ സര്‍ ലിന്‍ഡ്‌സെ ഹോയല്‍ വ്യക്തമാക്കി. നിരവധി എംപിമാരുടെ ഓഫീസുകള്‍ ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

'ഹൗസ് ഓഫ് കോമണ്‍സില്‍ സ്‌ഫോടക വസ്തുക്കള്‍ തിരിച്ചറിയാന്‍ സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ച ചരിത്രമാണുള്ളത്. ഈ ഉപയോഗം വിപുലമാക്കേണ്ടി വരുന്ന അവസ്ഥയാണ്, മയക്കുമരുന്ന് ഉള്‍പ്പെടെ കണ്ടെത്തേണ്ടി വരും', കോമണ്‍സ് അഡ്മിനിസ്‌ട്രേഷന്‍സ് കമ്മിറ്റി ചെയറും, ടോറി എംപിയുമായ ചാള്‍സ് വാക്കര്‍ പറഞ്ഞു. 

മയക്കുമരുന്ന് ഉപയോഗം ജീവിതചര്യയാക്കി മാറ്റുന്നവരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്നതും, ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി ഒരുക്കം നടത്തുകയാണ്. നാര്‍കോടിക്‌സ് ദുരിതം ഉണ്ടാക്കുകയാണെന്നും, നിയമങ്ങള്‍ ഉദാരമാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ബോറിസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.