CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 54 Seconds Ago
Breaking Now

യുകെയില്‍ ഒമിക്രോണ്‍ തരംഗം വളരുന്നു; സൂപ്പര്‍ മ്യൂട്ടന്റ് സ്‌ട്രെയിന്‍ സ്ഥിരീകരിച്ചത് 336 പേര്‍ക്ക്; യഥാര്‍ത്ഥ സംഖ്യ അഞ്ചിരട്ടി അധികം; ക്രിസ്മസ് വിലക്കുകളെ കുറിച്ച് 12 ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് ബോറിസ്; ബ്രിട്ടനില്‍ അനിശ്ചിതത്വം, വീണ്ടുമൊരു ലോക്ക്ഡൗണ്‍ വരുമോ?

ചിത്രം വ്യത്യസ്തമായി തുടങ്ങിയ സാഹചര്യത്തില്‍ ആഘോഷ സീസണില്‍ കൂടുതല്‍ വിലക്കുകള്‍ തള്ളിക്കളയാതെയാണ് ബോറിസ് ജോണ്‍സന്റെ നീക്കം

ഒമിക്രോണ്‍ വേരിയന്റുമായി ബന്ധപ്പെട്ട കേസുകള്‍ക്കൊപ്പം യുകെയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന ഘട്ടത്തില്‍ ക്രിസ്മസ് സീസണില്‍ കൂടുതല്‍ വിലക്കുകള്‍ വേണ്ടിവരുമോയെന്ന് അടുത്ത 12 ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി. സൂപ്പര്‍ മ്യൂട്ടന്റ് ഒമിക്രോണ്‍ വേരിയന്റ് വിവിധ ഭാഗങ്ങളിലേക്ക് പടരുകയും, കഴിഞ്ഞ വിന്ററിലെ രണ്ടാം തരംഗത്തേക്കാള്‍ കൂടുതല്‍ രോഗികളെ ആശുപത്രിയിലെത്തിക്കുമെന്ന് ഉന്നത ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കങ്ങള്‍. 

കഴിഞ്ഞ 24 മണിക്കൂറില്‍ 51,459 പുതിയ കേസുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് 50,000 പരിധി കടക്കുന്നത്. 41 പേരുടെ മരണങ്ങള്‍ കൂടി ഇതോടൊപ്പം രേഖപ്പെടുത്തി. ഇതിനിടെയാണ് 90 പുതിയ വേരിയന്റ് കേസുകള്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമായി കണ്ടെത്തിയത്. ഇതോടെ യുകെയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 336ലേക്ക് ഉയര്‍ന്നു. 

ചിത്രം വ്യത്യസ്തമായി തുടങ്ങിയ സാഹചര്യത്തില്‍ ആഘോഷ സീസണില്‍ കൂടുതല്‍ വിലക്കുകള്‍ തള്ളിക്കളയാതെയാണ് ബോറിസ് ജോണ്‍സന്റെ നീക്കം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട ക്രിസ്മസാണ് ഇക്കുറിയെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ വാദം ചുരുങ്ങിയത്. നിലവിലെ നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുതുക്കി നിശ്ചയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 'എത്ര മാരകമാണെന്നും, മരണങ്ങളിലും ആശുപത്രി പ്രവേശനങ്ങളിലുമുള്ള ഇഫക്ടും മനസ്സിലാക്കാന്‍ കാത്തിരിക്കുകയാണ്', ബോറിസ് വ്യക്തമാക്കി. 

ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടി പുതുവര്‍ഷം വരെ ബ്രിട്ടനില്‍ പ്രാബല്യത്തിലുണ്ട്. ക്രിസ്മസിന് കൂടുതല്‍ കര്‍ശന വിലക്കുകള്‍ വേണമെന്ന ആവശ്യം മന്ത്രിമാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഡെല്‍റ്റയേക്കാള്‍ ഭീകരത കുറഞ്ഞ വേരിയന്റ് 2021 ജനുവരിയില്‍ കണ്ട തോതില്‍ ആശുപത്രിയിലേക്ക് രോഗികളെ എത്തിച്ചേക്കാമെന്നാണ് റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജിസ്റ്റ് ഡോ. സൈമണ്‍ ക്ലാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.