മഹാമാരിയുടെ ആരംഭകാലം മുതല്‍ ഇന്റന്‍സീവ് കെയറില്‍ ജോലി ചെയ്യുമ്പോഴും കൊറോണാവൈറസിന് എതിരായ വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറിയോട് നേരിട്ട് വെളിപ്പെടുത്തി ഒരു ഡോക്ടര്‍. ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് അനസ്‌തെറ്റിസ്റ്റായ ഡോ. സ്റ്റീവ് ജെയിംസാണ് താന്‍ വാക്‌സിനേഷനില്‍ വിശ്വസിക്കാത്തതിന്റെ കാരണം സാജിദ് ജാവിദിന് മുന്നില്‍ അവതരിപ്പിച്ചത്.
'എനിക്ക് ഏതെങ്കിലും ഘട്ടത്തില്‍ കൊവിഡ് പിടിപെട്ടാല്‍ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകും. തുടക്കം മുതല്‍ കൊവിഡ് ഐസിയുവിലാണ് ജോലി ചെയ്യുന്നത്. ഞാന്‍ വാക്‌സിനെടുത്തിട്ടില്ല, എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. വാക്‌സിനുകള്‍ ഡെല്‍റ്റയുടെ വ്യാപനം എട്ടാഴ്ചയും, ഒമിക്രോണിന്റേത് അതില്‍ താഴെയുമാണ് തടയുന്നത്. വാക്‌സിനെടുക്കാത്തതിന്റെ പേരില്‍ എന്നെ പുറത്താക്കും. പക്ഷെ ശാസ്ത്രീയ വാദങ്ങള്‍ക്ക് ശക്തി പോരാ', ഡോ. ജെയിംസ് ഹെല്‍ത്ത് സെക്രട്ടറിയോട് പറഞ്ഞു.
എന്നാല്‍ ബഹുമാനപൂര്‍വ്വം ഡോക്ടറുടെ വാദങ്ങള്‍ നിഷേധിക്കാനാണ് ഹെല്‍ത്ത് സെക്രട്ടറി തയ്യാറായത്. കൂടാതെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. 'നിങ്ങളുടെ വാദങ്ങളെ ബഹുമാനിക്കുന്നു, പക്ഷെ വേറെയും നിലപാടുകളുണ്ട്. ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ മേഖലയിലെ ഗുണങ്ങളുടെയും കണക്കെടുക്കണം', ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ യഥാര്‍ത്ഥ വിദഗ്ധരില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നതെന്നും ഹെല്‍ത്ത് സെക്രട്ടറി ഡോക്ടറോട് പറഞ്ഞു. ഐസിയുവില്‍ കിടക്കുന്ന രോഗികളില്‍ അധികവും അമിതവണ്ണമുള്ളവരാണെന്ന് ഡോ. ജെയിംസ് ചൂണ്ടിക്കാണിച്ചു.
ഏപ്രില്‍ മുതലാണ് എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ സ്റ്റാഫിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 90 ശതമാനം എന്‍എച്ച്എസ് ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടുണ്ട്, 60 ശതമാനം ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചു. എന്‍എച്ച്എസ് ജീവനക്കാര്‍ കാഴ്ചവെയ്ക്കുന്ന മികച്ച സേവനത്തിന് ഹെല്‍ത്ത് സെക്രട്ടറി നന്ദിയും രേഖപ്പെടുത്തി.