കൊവിഡ് വേരിയന്റുകള്‍ മാറിമാറി വരുമ്പോള്‍ ലോകത്തിന് ഇനി മുന്നോട്ടുള്ള വഴി ഒന്ന് മാത്രമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. കൊവിഡിനൊപ്പം ചേര്‍ന്ന് ജീവിക്കുക. ഇത് ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന നിശ്ചയത്തില്‍ ജീവിക്കുമ്പോള്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ മാനസികമായി ഒരുങ്ങുകയെന്നതാണ് പ്രധാനം. ഇതിനുള്ള പദ്ധതിയാണ് ബ്രിട്ടന്‍ തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡിനൊപ്പം ജീവിച്ച് മുന്നോട്ട് പോകാന്‍ ബ്രിട്ടന്‍ ലോകത്തിന് വഴികാട്ടുമെന്നാണ് എഡ്യുക്കേഷന്‍ മന്ത്രി നദീം സവാഹിയുടെ വാക്കുകള്‍.
തുടര്‍ച്ചയായ നാലാം ദിവസവും കേസുകള്‍ താഴ്ന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നിലപാട് പ്രസക്തമാകുന്നത്. മുന്‍ വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണ്‍ അത്ര ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നില്ലെന്ന പ്രചോദനമേകുന്ന സൂചനകള്‍ പുറത്തുവരുന്നതോടെ ഐസൊലേഷന്‍ കാലയളവ് അഞ്ച് ദിവസമാക്കി ചുരുക്കാനുള്ള ആവശ്യങ്ങളും ശക്തമാകുന്നുണ്ട്. ബിസിനസ്സുകളും, ആശുപത്രികളും, സ്‌കൂളുകളും ജീവനക്കാരുടെ ക്ഷാമം മൂലം പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കാന്‍ ഈ നീക്കം സഹായകമാകുമെന്നതിനാല്‍ ചാന്‍സലര്‍ ഋഷി സുനാക് പദ്ധതിയെ പിന്തുണയ്ക്കുന്നു.
'മഹാമാരിയില്‍ നിന്നും എന്‍ഡെമിക്കിലേക്ക് കടക്കുന്ന ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളില്‍ നമ്മള്‍ മുന്‍നിരയിലുണ്ടാകും', നദീം സവാഹി വ്യക്തമാക്കി. കൊവിഡിനൊപ്പം ജീവിക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാല വിലക്കുകള്‍ നടപ്പാക്കുന്നത് ഒഴിവാക്കാനുള്ള പദ്ധതി മാര്‍ച്ചില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി അപകടമില്ലാത്ത സാഹചര്യങ്ങളില്‍ ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ വേണ്ടെന്നുവെച്ചും, ഐസൊലേഷന്‍ കാലയളവുകള്‍ ചുരുക്കിയും സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ നീക്കുമെന്ന് ദി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐസൊലേഷന് അഞ്ച് ദിനമാക്കുന്നതിന് ക്യാബിനറ്റില്‍ 60 ശതമാനം പിന്തുണയുണ്ടെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് വ്യക്തമാക്കി. എന്നാല്‍ ഇതിന് ശാസ്ത്രജ്ഞരുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സുനാകിന് പുറമെ പ്രധാന സാമ്പത്തിക മന്ത്രാലയങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്.