വില്ല്യം രാജകുമാരന്റെ ഭാര്യയും, ഭാവി രാജ്ഞിയുമായ കെയ്റ്റ് മിഡില്‍ടണ് 40-ാം പിറന്നാള്‍. രാജകുടുംബം തങ്ങളുടെ വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും 'ഹാപ്പി ബര്‍ത്ത്‌ഡേ' മറക്കാതെ തന്നെ അറിയിച്ചു. കേംബ്രിഡ്ജ് ഡച്ചസിന് രാജ്ഞിയും, ചാള്‍സ് രാജകുമാരനുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ഹൃദയഹാരിയായ ചിത്രങ്ങളും അക്കൗണ്ടുകല്‍ പങ്കുവെച്ചു.
കേംബ്രിഡ്ജ് ഡച്ചസിനുള്ള ആശംസകള്‍ അറിയിക്കുമ്പോള്‍ ഇമോജികള്‍ കൂടി ഉള്‍പ്പെടുത്താനും കൊട്ടാരങ്ങള്‍ തയ്യാറായി. റോയല്‍ ഫാമിലിയുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ കെയ്റ്റിന് രാജ്ഞിയുമായും, മറ്റ് മുതിര്‍ന്ന രാജകുടുംബാംഗങ്ങളുമായുള്ള അടുത്ത ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതിന് തെളിവായി. കഴിഞ്ഞ ഒരു ദശകത്തിനിടെ നടന്ന വിവിധ പരിപാടികളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടത്.
തനിക്ക് ആശംസകള്‍ അറിയിച്ച രാജ്യത്തോട് കെയ്റ്റ് പ്രതികരണവും അറിയിച്ചു. 'ബര്‍ത്ത്‌ഡേ ആശംസകള്‍ അറിയിച്ചുള്ള സന്ദേശങ്ങള്‍ക്ക് നന്ദി. ഈ ചിത്രങ്ങള്‍ തന്നതിന് ഫോട്ടോഗ്രാഫര്‍ പാലോലോ റോവെര്‍സിക്കും, നാഷണല്‍ പോര്‍ട്രെയിറ്റ് ഗ്യാലറിക്കും നന്ദി', കെയ്റ്റ് ട്വിറ്ററില്‍ കുറിച്ചു.
ക്ലാരന്‍സ് ഹൗസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും കെയ്റ്റിന്റെ മൂന്ന് ചിത്രങ്ങള്‍ പങ്കുവെച്ചു. അതേസമയം കൊവിഡ് മൂലം വലിയ ആഘോഷങ്ങളില്ലാതെ നോര്‍ഫോക്കിലെ ആന്‍മെര്‍ ഹാളില്‍ ചെറിയ വിഭാഗത്തെ മാത്രം പങ്കെടുപ്പിച്ചുള്ള ബര്‍ത്ത്‌ഡേ ആഘോങ്ങളാണ് നടന്നത്. സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഏതാനും ആളുകള്‍ മാത്രമാണ് ഇതിലുണ്ടാവുക.