താന്‍ ജോലി ചെയ്യുന്ന അത്യാഹിത വിഭാഗത്തില്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള എല്ലാ രോഗികളുടെ വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്ന് വെളിപ്പെടുത്തി ഇന്റന്‍സീവ് കെയര്‍ ഡോക്ടര്‍. സൗത്ത് വെയില്‍സിലെ ഗ്രാഞ്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയറില്‍ വാക്‌സിനെടുത്ത ഒരു കോവിഡ് രോഗി പോലും ഇല്ലെന്ന് ഡോ. ഡേവിഡ് ഹെപ്‌ബേണ്‍ വ്യക്തമാക്കുന്നു.
350 മില്ല്യണ്‍ പൗണ്ടിന്റെ സ്‌പെഷ്യലിസ്റ്റ് ക്രിട്ടിക്കല്‍ കെയര്‍ സെന്റര്‍ നാല് മാസം മുന്‍പാണ് ഉദ്ഘാടനം ചെയ്തത്. 24 ഐസിയു ബെഡുകളാണ് ഇവിടെയുള്ളത്. ആ ഘട്ടത്തില്‍ കൊറോണാവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നത് നേരിടാനാണ് ഈ സെന്റര്‍ ആരംഭിച്ചത്.
തങ്ങള്‍ക്ക് ലഭിക്കുന്ന വാക്‌സിന്‍ സ്വീകരിക്കേണ്ടെന്ന് നിശ്ചയിച്ച ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ചികിത്സയിലുള്ളതെന്ന് ഡോ. ഹെപ്‌ബേണ്‍ പറയുന്നു. ഇംഗ്ലണ്ടിലെ ഡാറ്റ അനുസരിച്ച് ക്രിട്ടിക്കല്‍ കെയര്‍ ആവശ്യമായി വന്ന രോഗികളില്‍ 9 ശതമാനത്തില്‍ താഴെ ആളുകളാണ് ബൂസ്റ്റര്‍ എടുത്തിട്ടുള്ളത്. വാക്‌സിനെടുക്കാത്തവരാണ് ചികിത്സ ആവശ്യമായി വന്നവരില്‍ 60 ശതമാനം പേരും.
18 വയസ്സ് മുതലുള്ള ജനസംഖ്യയില്‍ ഭൂരിഭാഗവും വാക്‌സിനെടുത്തിട്ടുണ്ട്. ചെറിയൊരു വിഭാഗം മാത്രമാണ് ഇതില്‍ നിന്നും മുഖം തിരിച്ച് നില്‍ക്കുന്നത്. ഒമിക്രോണ്‍ തരംഗത്തെ നേരിടാന്‍ സാധ്യമായ എല്ലാവരും ബൂസ്റ്റര്‍ ബുക്ക് ചെയ്യാനാണ് മന്ത്രിമാര്‍ ആവശ്യപ്പെടുന്നത്.