എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി ടോറി എംപിമാര്‍. ഇതിന് സാധിച്ചില്ലെങ്കില്‍ അടുത്ത രണ്ടാഴ്ച കഴിയുമ്പോള്‍ 80,000 ജീവനക്കാരെ നഷ്ടപ്പെടാനുള്ള ഒരുക്കത്തിലാണ് എന്‍എച്ച്എസ് മേധാവികള്‍.
എല്ലാ ഫ്രണ്ട്‌ലൈന്‍ ജോലിക്കാരും ഏപ്രില്‍ 1-നകം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന. ഇത് പ്രകാരം ഫെബ്രുവരി 3നകം ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. എന്നാല്‍ ഇപ്പോഴും 80,000ലേറെ എന്‍എച്ച്എസ് ജീവനക്കാര്‍ വാക്‌സിനെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയാണ്. എന്‍എച്ച്എസിലെ 6 ശതമാനം ജോലിക്കാരാണ് ഒരൊറ്റ ഡോസ് വാക്‌സിനെടുക്കാത്തതായിട്ടുള്ളത്.
ഫെബ്രുവരി 4 മുതല്‍ വാക്‌സിനെടുക്കാത്ത ജീവനക്കാരെ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് വിളിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന നോട്ടീസ് പിരീഡില്‍ പുറത്താക്കല്‍ നേരിടുന്നുവെന്ന് മുന്നറിയിപ്പ് നല്‍കണമെന്നാണ് പുതിയ എന്‍എച്ച്എസ് നിബന്ധന വ്യക്തമാക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, റോയല്‍ കോളേജ് ഓഫ് മിഡ്‌വൈഫ്‌സും മന്ത്രിമാരോട് ആവശ്യപ്പെടുന്നത്.
മറിച്ചായാല്‍ ഇത്രയും ജീവനക്കാരെ ഒറ്റയടിക്ക് നഷ്ടമാകുകയും, സേവനങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് റിക്കവറി ഗ്രൂപ്പ് ഓഫ് കണ്‍സര്‍വേറ്റീവ് എംപി ചെയര്‍മാന്‍ മാര്‍ക്ക് ഹാര്‍പ്പറും നിലപാടില്‍ പുനരാലോചന വേണമെന്ന് നം.10നോട് ആവശ്യപ്പെട്ടു.
എന്നാല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ആഴ്ച ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് കോമണ്‍സില്‍ വ്യക്തമാക്കിയിരുന്നു. കെയര്‍ ജീവനക്കാര്‍ക്ക് ഇളവ് നല്‍കാതെ നിയമം നടപ്പാക്കിയ സാഹചര്യത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ഇളവ് ലഭിക്കാന്‍ ഇടയില്ല.