യൂറോപ്യന്‍ യൂണിയന് പുറത്ത് പുതിയ യൂറോപ്യന്‍ രാഷ്ട്രീയ സഖ്യം രൂപീകരിക്കാന്‍ ബ്രിട്ടനെ ക്ഷണിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബ്രക്‌സിറ്റിനെ കടുത്ത തോതില്‍ തന്നെ എതിര്‍ത്ത മാക്രോണ്‍ രണ്ടാമത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് നിലപാട് മാറ്റുന്നത്. പുതിയ പദവിയിലൂടെ 27 അംഗരാജ്യങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ്ണ രാഷ്ട്രീയ ഏകീകരണത്തിനും, സുപ്രധാന വിഷയങ്ങളില്‍ അഭിപ്രായം പറയാനും കഴിയുമെന്നാണ് മാക്രോണിന്റെ വാക്കുകള്‍.
ഒരു പുതിയ യൂറോപ്യന്‍ രാഷ്ട്രീയ സഖ്യം തയ്യാറാക്കുന്നതിന് താന്‍ അനുകൂലമാണെന്ന് സ്ട്രാസ്ബര്‍ഗിലെ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മാക്രോണ്‍ വ്യക്തമാക്കി. ഈ പുതിയ യൂറോപ്യന്‍ സംഘടന വഴി ജനാധിപത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഒരുമിച്ച് ചേര്‍ക്കാനും, രാഷ്ട്രീയ സഹകരണത്തിനും, സുരക്ഷയ്ക്കും വഴിയൊരുക്കുകയും ചെയ്യും, മാക്രോണ്‍ പറഞ്ഞു.
ഇതില്‍ ചേര്‍ന്നത് കൊണ്ട് ഭാവിയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ലഭിക്കണമെന്നില്ല, എന്നിരുന്നാലും വിട്ടുപോയവര്‍ക്ക് മുന്നില്‍ വാതിലുകള്‍ അടച്ചിടുകയുമില്ല, ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പുതിയ സഖ്യത്തില്‍ അണിചേരാന്‍ ബ്രിട്ടനെ ക്ഷണിക്കുമെന്ന് ബെര്‍ലിനിലേക്കുള്ള യാത്രക്കിടെ മാക്രോണ്‍ സ്ഥിരീകരിച്ചു.
ബ്രക്‌സിറ്റ് കരാറിന്റെ ഭാഗമായി യൂറോപ്പുമായുള്ള സുരക്ഷാ സഹകരണം ബ്രിട്ടന്‍ നേരത്തെ തള്ളിയിരുന്നു. കൂടാതെ രണ്ട് തലത്തിലുള്ള യൂറോപ്യന്‍ യൂണിയന്‍ സൃഷ്ടിക്കുന്നതിനെ ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തു.
ഉക്രെയിന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമാകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നതാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ സഖ്യം അതുവരെയുള്ള താല്‍ക്കാലിക നടപടിയാകുമെന്നും മാക്രോണ്‍ കരുതുന്നു.