ബിയര്‍ഗേറ്റ് വിവാദത്തില്‍ പോലീസ് പിഴ ഈടാക്കിയാല്‍ രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍. എന്നാല്‍ മദ്യവും, കറിയും വിതരണം ചെയ്ത പരിപാടിയുടെ പേരില്‍ ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസിന് പകരം താക്കീത് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ ലേബര്‍ നേതൃസ്ഥാനത്ത് പിടിച്ചുനില്‍ക്കാനുള്ള അവസരവും അദ്ദേഹം തുറന്നിട്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടന്ന ബിയര്‍ കുടിക്കല്‍ പരിപാടി വിവാദമായതോടെയാണ് പോലീസ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ഈ വിവാദം ആളിക്കത്തിയത് വിനയാകുക കൂടി ചെയ്തതോടെയാണ് ഇതിനെ നേരിടാന്‍ ലേബര്‍ പാര്‍ട്ടി തയ്യാറായത്. വിഷയത്തില്‍ ലേബര്‍ നേതാവ് ആഴ്ചകള്‍ക്കൊടുവില്‍ പ്രസ്താവന നടത്തുകയും ചെയ്തു.
എന്നാല്‍ പരിപാടിയില്‍ ഒരു നിയമവും ലംഘിക്കപ്പെട്ടില്ലെന്ന വാദത്തില്‍ സ്റ്റാര്‍മര്‍ ഉറച്ച് നില്‍ക്കുകയാണ്. താന്‍ അഭിമാനത്തിന്റെ കാര്യത്തില്‍ ബോറിസ് ജോണ്‍സനില്‍ നിന്നും വ്യത്യസ്തനാണെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. 'പോലീസ് എനിക്ക് എഫ്പിഎന്‍ നല്‍കാന്‍ തയ്യാറായാല്‍ ശരിയായ കാര്യം സ്ഥാനമൊഴിയുകയാണ്. ഇത് ചെയ്യും', കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
എന്നാല്‍ പോലീസ് വെറുതെ താക്കീത് മാത്രം നല്‍കിയാല്‍ പ്രതികരണം എന്താകുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ ലേബര്‍ നേതാവ് തയ്യാറായില്ല. മുന്‍ നം. 10 ചീഫ് അഡൈ്വസര്‍ ഡൊമനിക് കുമ്മിംഗ്‌സ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചപ്പോള്‍ ഡുര്‍ഹാം പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ പോലീസ് സേനയാണ് ബിയര്‍ഗേറ്റ് വിവാദവും അന്വേഷിക്കുന്നത്.
'ഞാന്‍ കൊവിഡ് നിയമങ്ങള്‍ ലംഘിച്ചിട്ടില്ല. ഇത് നടന്നിട്ടുണ്ടെങ്കില്‍ ശിക്ഷ ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസാണ്. ഇത് നിയമത്തിന്റെ ഭാഗമാണ്', സ്റ്റാര്‍മര്‍ വാദിച്ചു. മഹാമാരി കാലത്ത് താന്‍ ആറ് തവണ സെല്‍ഫ് ഐസൊലേഷനില്‍ പോയതായി ലേബര്‍ നേതാവ് ചൂണ്ടിക്കാണിച്ചു. തന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും നിയമങ്ങള്‍ ലംഘിച്ചുവെന്ന് വിശ്വസിക്കുന്നവരല്ലെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടു.