യുകെയിലെ എനര്‍ജി കമ്പനികളില്‍ നിന്നും വന്‍തോതില്‍ ടാക്‌സ് പിഴിഞ്ഞെടുക്കാനുള്ള ഒരുക്കം കൂട്ടി ചാന്‍സലര്‍ ഋഷി സുനാക്. യുകെ എനര്‍ജിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താത്തപക്ഷം നോര്‍ത്ത് സീ ഓയില്‍, ഗ്യാസ് കമ്പനികള്‍ ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യാതൊരു നടപടിയും ഒഴിവാക്കില്ലെന്നാണ് സുനാക് അടുത്തിടെ പ്രഖ്യാപിച്ചത്. എന്നാല്‍ ടാക്‌സ് ഏര്‍പ്പെടുത്തിയാല്‍ ചെലവഴിക്കലിനെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഷെല്ലും, ബിപിയും യഥാക്രമം 7 ബില്ല്യണ്‍ പൗണ്ടും, 5 ബില്ല്യണ്‍ പൗണ്ടും നേടിയെന്ന് വെളിപ്പെടുത്തിയതോടെയാണ് നടപടിയെടുക്കാന്‍ ചാന്‍സലര്‍ക്ക് മേല്‍ സമ്മര്‍ദം ഉയര്‍ന്നത്.
നികുതി വന്നാലും നിക്ഷേപം നടത്താമെന്ന് ബിപി വ്യക്തമാക്കിയിട്ടുണ്ട്. മൂന്നിലൊന്ന് വോട്ടര്‍മാരും നികുതി ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുകയാണ്. ബ്രിട്ടനിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ എനര്‍ജി കമ്പനികളുടെ ലാഭത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്താനാണ് 32 ശതമാനം വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.
വൈദ്യുതി, ഗ്യാസ് വിലകള്‍ കുതിച്ചുയരുന്നത് ജനങ്ങളെ ചെറുതായൊന്നുമല്ല വിഷമിപ്പിക്കുന്നത്. എനര്‍ജി പ്രൈസ് ക്യാപ് ഉയര്‍ത്തിയതോടെ ബില്ലുകള്‍ ഉയര്‍ന്നതിന് പുറമെ അടുത്ത ഒക്ടോബറില്‍ വീണ്ടുമൊരു വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.