ജീവിതത്തിന്റെ അവസാന നാളുകളിലും തന്റെ അനുഭവങ്ങള്‍ ലോകത്തിന് മുന്നില്‍ പങ്കുവെച്ച് വിശ്രമമില്ലാതെ പ്രചരണം നടത്തി ക്യാന്‍സര്‍ റിസേര്‍ച്ചിനായി ഫണ്ട് സ്വരൂപിച്ച ഡെയിം ഡിബോറാ ജെയിംസിന് നേരിട്ടെത്തി ഡെയിംഹുഡ് സമ്മാനിച്ച് വില്ല്യം രാജകുമാരന്‍. കുടുംബത്തിന്റെ വീട്ടില്‍ ചായയും, ഷാംപെയിനും ആസ്വദിച്ച് സന്തോഷത്തില്‍ പങ്കുചേര്‍ന്ന ശേഷമായിരുന്നു മടക്കം. നാല് ദിവസം കൊണ്ട് 5 മില്ല്യണ്‍ പൗണ്ടോളമാണ് ഡിബോറയുടെ ഫണ്ട് റെയ്‌സിംഗ് വഴി നേടിയത്.
രണ്ട് മക്കളുടെ അമ്മയായ 40-കാരിക്ക് ജീവനോടെ ഇരിക്കാന്‍ അധിക ദിവസം ബാക്കിയില്ലെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടുള്ളത്. ഇവരുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വില്ല്യം രാജകുമാരന്‍ ഡെയിംഹുഡ് സമ്മാനിക്കാന്‍ നേരിട്ടെത്തിയ വിവരം പുറത്തുവിട്ടത്. ദയവുള്ള, എല്ലാവരെയും എളുപ്പത്തില്‍ ഒപ്പം നിര്‍ത്തുന്ന വ്യക്തിയാണ് വില്ല്യമെന്ന് തന്റെ 630,000 ഫോളോവേഴ്‌സിനോട് ഡിബോറാ പറഞ്ഞു.
'വില്ല്യം രാജകുമാരന്‍ ഞങ്ങളുടെ കുടുംബവീട്ടില്‍ ഇന്ന് വന്നിരുന്നു. ഉച്ചതിരിഞ്ഞ് ചായയ്ക്കും, ഷാംപെയിനും കഴിക്കാന്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നത് ആദരവായി. ഞങ്ങള്‍ക്കൊപ്പം നല്ലൊരു സമയം ചെലവഴിക്കാനും ഡെയിംഹുഡ് സമ്മാനിക്കാനും അദ്ദേഹം തയ്യാറായി', ഡിബോറാ ജെയിംസ് വ്യക്തമാക്കി.
ഓങ്കോളജി മേഖല മെച്ചപ്പെടുത്തണമെന്നതില്‍ റോയല്‍ മാഴ്‌സ്‌ഡെന്‍ പ്രസിഡന്റ് കൂടിയായ വില്ല്യമിന് ഏറെ ആഗ്രഹമുണ്ടെന്ന് ഡിബോറോ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കുടുംബത്തിന് ഏറെ സ്‌പെഷ്യലായ ഒരു ദിനമായിരുന്നു ഇത്. ഈ ഓര്‍മ്മകള്‍ ജീവിതാവസാനം വരെ ഉണ്ടാകും, ഡെയിം ഡിബോറാ പറഞ്ഞു.
തിങ്കളാഴ്ചയാണ് തനിക്ക് ജീവിതത്തിന്റെ അവസാനത്തില്‍ നല്‍കുന്ന ചികിത്സ ലഭിച്ച് തുടങ്ങിയെന്ന് ബിബിസി പോഡ്കാസ്റ്റര്‍ വെളിപ്പെടുത്തിയത്. ഇതിന് ശേഷം നടത്തിയ ഫണ്ട് റെയ്‌സിംഗ് 5 മില്ല്യണ്‍ പൗണ്ടിലേറെ നേടുകയും ചെയ്തതോടെ തനിക്ക് വാക്കുകളില്ലെന്നാണ് ഡിബോറയുടെ പ്രതികരണം. ബവല്‍ ക്യാന്‍സറിനെ കുറിച്ച് ബോധവത്കരണവും, ഫണ്ട് റെയ്‌സിംഗും നടത്തിയതിനാണ് രാജ്ഞി ഇവര്‍ക്ക് ഡെയിംഹുഡ് സമ്മാനിച്ചത്.