ചാന്‍സലറുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുകയോ തകര്‍ക്കുകയോ ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് റേച്ചല്‍ റീവ്‌സിന്റെ പോക്ക്. ഏത് വിധേനയും വരുമാനം കണ്ടെത്തി കടമെടുപ്പ് കുറയ്ക്കാനുള്ള പരിശ്രമത്തില്‍ അവര്‍ മറ്റൊന്നും നോക്കുന്നില്ല.
എന്നാല്‍ ഇതിന്റെ പ്രത്യാഘാതം മിഡില്‍ക്ലാസുകാര്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ഇൗ വിഭാഗത്തെ ലക്ഷ്യം വെച്ച് മറ്റൊരു നികുതിവേട്ട വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണം കൈവിട്ട് പോകുമെന്ന മുന്നറിയിപ്പൊന്നും ചാന്‍സലര്‍ പരിഗണിക്കുന്നില്ല.
ചാന്‍സലര്‍ കസേരയിലെത്തി ആദ്യ വര്‍ഷം തന്നെ കുടുംബങ്ങളും, ബിസിനസ്സുകളും റെക്കോര്‍ഡ് തോതില്‍ നികുതി നല്‍കുന്ന അവസ്ഥയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലേബര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ വരുമാനം മതിയാകുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. ഈ അവസരത്തിലാണ് മഹാമാരി കാലത്തിന് പുറത്ത് റെക്കോര്‍ഡ് തോതില്‍ കടമെടുപ്പ് അരങ്ങേറുന്നത്.
രാജ്യത്തിന്റെ കടമെടുപ്പ് 2.9 ട്രില്ല്യണ്‍ പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ജിപിമാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍ എന്നിങ്ങനെ മിഡില്‍ക്ലാസ് പ്രൊഫഷണുകളില്‍ പെട്ട ജോലിക്കാരില്‍ നിന്നും 2 ബില്ല്യണ്‍ പൗണ്ട് പിരിച്ചെടുക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുതിയ പണപ്പെരുപ്പ നിരക്കുകള്‍ കൂടുതല്‍ ശോകമാകുമെന്നാണ് സൂചന. സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത് പോലെ പ്രവര്‍ത്തിക്കുന്നില്ലെന്ന് സമ്മതിച്ച റീവ്‌സ്, പക്ഷെ ഇതെല്ലാം ബ്രക്സ്റ്റിന്റെ പ്രശ്‌നമാണെന്നാണ് വാദിക്കുന്നത്.