ആന്‍ഡ്രൂ രാജകുമാരനെ പൊതുമുഖത്ത് നിന്നും അപ്രത്യക്ഷമാക്കാന്‍ എന്ത് വരം വേണമെങ്കിലും നല്‍കാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ രാജകുടുംബം. നാണക്കേട് അത്രത്തോളം വിനാശം സൃഷ്ടിച്ചിരിക്കുന്നു. എന്നാല്‍ തന്റെ അവസാന കച്ചിത്തുരുമ്പില്‍ പിടിച്ചുതൂങ്ങുകയാണ് ആന്‍ഡ്രൂ. ഒരു ഇറങ്ങിപ്പോക്ക് നടത്തിയാല്‍ പിന്നീടൊരു മടക്കമില്ലെന്ന് അയാള്‍ക്ക് നന്നായറിയാം.
ഇപ്പോള്‍ മുന്‍ ഭാര്യക്കൊപ്പം താമസിച്ച് വരുന്ന വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജാണ് ആന്‍ഡ്രൂവിന്റെ അവസാന പിടിവള്ളി. സ്ഥാനമാനങ്ങള്‍ അടിയറ വെച്ചെങ്കിലും ഈ വസതിയില്‍ നിന്നും ഒഴിയാന്‍ രാജകുമാരന്‍ കൂട്ടാക്കുന്നില്ല. താന്‍ ഒപ്പുവെച്ചിട്ടുള്ള ലീസ് ഗ്യാരണ്ടി അവസാനിക്കാന്‍ 50 വര്‍ഷത്തോളം ബാക്കിനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ പിടിവാശി.
1 മില്ല്യണ്‍ പൗണ്ട് നല്‍കി 2003-ല്‍ വാടകയ്ക്ക് എടുത്ത ലീസ് 2078 വരെ നീളുന്നതാണ്. 75 വര്‍ഷത്തെ ലീസ് എഗ്രിമെന്റ് ഉള്ളതിനാല്‍ പുറത്താക്കാനുള്ള ശ്രമങ്ങള്‍ പാഴ്ശ്രമമാകുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ഒത്തുതീര്‍പ്പ് ഉണ്ടായെങ്കില്‍ മാത്രമാണ് ആന്‍ഡ്രൂവിനെ ഒഴിപ്പിക്കാന്‍ സാധിക്കുകയെന്നാണ് ഇവര്‍ പറയുന്നത്.
ഇതിന് വിപരീതമായി സംഭവിക്കണമെങ്കില്‍ രാജകീയ നിയമങ്ങള്‍ പരിശോധിച്ച് രാജാവിന് ഒരാളെ പുറത്താക്കാനുള്ള അധികാരമുണ്ടെന്ന് തെളിയിക്കുന്ന ഏതെങ്കിലും പഴുത് കണ്ടെത്തേണ്ടി വരും. ആന്‍ഡ്രൂവിനെ ഇനിയും സഹിക്കേണ്ടെന്ന നിലപാടിലാണ് വില്ല്യം രാജകുമാരന്‍. ഇദ്ദേഹം കുടുംബത്തോടൊപ്പം ഫോറസ്റ്റ് ലോഡ്ജിലേക്ക് മാറാന്‍ ഇരിക്കുകയാണ്. അതിന് മുന്‍പായി ആന്‍ഡ്രൂവിനെ മെച്ചപ്പെട്ട ഒരു ഓഫര്‍ നല്‍കി പറഞ്ഞ് വിടുകയാണ് തന്ത്രം.