CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 25 Minutes 57 Seconds Ago
Breaking Now

ഇനി വരാനിരിക്കുന്നത് മങ്കിപോക്‌സ് ദുരിതം! യുകെയില്‍ വരുംദിവങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നേരിടാന്‍ ഒരുങ്ങി ആരോഗ്യ മേധാവികള്‍; വൈറസ് ബാധ ഇരട്ടിച്ചത് സമാനതകളില്ലാത്ത രീതിയില്‍; രോഗികളുടെ എണ്ണം 20 ആയെന്ന് സ്ഥിരീകരിച്ച് ഹെല്‍ത്ത് സെക്രട്ടറി

രോഗത്തെ പിടിച്ചുനിര്‍ത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നു

കൊവിഡിന്റെ ദുരിതത്തില്‍ നിന്നും കരകയറി വരുന്ന ബ്രിട്ടന് വീണ്ടും രോഗദുരിതം സമ്മാനിക്കാന്‍ മങ്കിപോക്‌സ്. വരുന്ന ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇരട്ടിയായി ഉയരുമെന്നാണ് ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്. ട്രോപ്പിക്കല്‍ വൈറസ് കേസുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് ആരോഗ്യ മേധാവികള്‍ സമ്മതിച്ചു. 

ഇന്നലെ കണ്ടെത്തിയ 11 കേസുകള്‍ കൂടി ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 20 ആയി. പുതിയ രോഗികളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മുന്‍പ് കണ്ടെത്തിയ ഒന്‍പത് കേസുകളില്‍ ആറെണ്ണവും പുരുഷന്‍മാരുമായി സെക്‌സില്‍ ഏര്‍പ്പെട്ട പുരുഷന്‍മാരിലാണ് കണ്ടെത്തിയത്. ലൈംഗിക ശൃംഖലകളില്‍ വൈറസിന്റെ സാന്നിധ്യം സജീവമാണെന്നാണ് അധികൃതര്‍ കരുതുന്നത്. യൂറോപ്പിലും സമാനമായ രീതിയിലാണ് വൈറസ് പടരുന്നത്. 

അതേസമയം കൊവിഡ് പോലെ മങ്കിപോക്‌സ് നിയന്ത്രണം വിട്ട് കുതിക്കില്ലെന്നാണ് മുന്‍നിര വിദഗ്ധരുടെ വാദം. കൊവിഡ് മൂലം രണ്ട് വര്‍ഷത്തോളമാണ് രാജ്യം കടുത്ത സാമ്പത്തിക, സ്വാതന്ത്ര വിലക്കുകള്‍ അനുഭവിച്ചത്. എന്നാല്‍ യുകെയില്‍ മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന രീതി ആശങ്ക ഉളവാക്കുന്നതാണെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

രോഗത്തെ പിടിച്ചുനിര്‍ത്താനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നു. 12 രാജ്യങ്ങളാണ് ഇപ്പോള്‍ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ജര്‍മ്മനിയിലാണ് ഒടുവിലായി മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ കേസുകള്‍ കണ്ടെത്തുമെന്ന് തന്നെയാണ് അധികൃതര്‍ കരുതുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.