യൂറോപ്യന്‍ അതിര്‍ത്തിയില്‍ മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് പ്രവചിച്ച് ബ്രിട്ടന്റെ ഉന്നത സൈനിക ജനറല്‍. പുടിന്റെ സൈന്യത്തിനെതിരെ പോരാടി, തോല്‍പ്പിക്കാന്‍ തന്റെ സൈനികര്‍ തയ്യാറാരിക്കണമെന്നാണ് ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ആഗോള സ്ഥിരതയെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് വളരുമ്പോള്‍ യൂറോപ്പില്‍ പോരാടാന്‍ വീണ്ടും ഒരുങ്ങേണ്ട തലമുറയായി സൈന്യം മാറുന്നുവെന്നാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ ഓവറോള്‍ കമ്മാന്‍ഡായി ചുമതലയേറ്റ ശേഷം ജനറല്‍ പ്രഖ്യാപിച്ചത്.
'1941ന് ശേഷം യൂറോപ്പില്‍ ഒരു ഭൂഖണ്ഡ ശക്തി ഉള്‍പ്പെട്ട കരയുദ്ധത്തിന്റെ നിഴലില്‍ സൈന്യത്തിന്റെ കമ്മാന്‍ഡ് ഏറ്റെടുക്കുന്ന ആദ്യത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫാണ് ഞാന്‍. റഷ്യയുടെ ഭാഗത്ത് നിന്നുള്ള ഭീഷണി സുരക്ഷിതത്വം നഷ്ടപ്പെട്ട യുഗത്തിലേക്കുള്ള പ്രവേശനമാണ്. നമ്മുടെ സൈന്യത്തെ മാരകമായി, ഫലപ്രദമായി മാറ്റാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. ആ സമയം ഇപ്പോഴാണ്, അവസരം കൈക്കലാക്കണം', ജനറല്‍ സര്‍ പാട്രിക് സാന്‍ഡേഴ്‌സ് സൈനികര്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
യൂറോപ്പിലെ മുന്‍ സോവിയറ്റ് സംസ്ഥാനങ്ങള്‍ 'ചരിത്ര റഷ്യയുടെ' ഭാഗമായിരുന്നുവെന്ന് പുടിന്‍ ഈയാഴ്ച പ്രഖ്യാപിച്ചത് ആശങ്ക വളര്‍ത്തിയിട്ടുണ്ട്. കിഴക്കന്‍ ഉക്രെയിനിലെ സ്വയം പ്രഖ്യാപിത റിപബ്ലിക്കുകളായ ഡോണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ അംഗീകരിക്കുന്നില്ലെന്ന് കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം ജൊമാര്‍ത് തോകായെവ് നാടകീയമായി പ്രഖ്യാപിച്ചിരുന്നു. ഉക്രെയിനിലെ റഷ്യയുടെ അധിനിവേശത്തിന് എതിരായ വാക്കുകളാണ് പുടിനെ ചൊടിപ്പിച്ചത്.
റഷ്യന്‍ പ്രസിഡന്റ് നടത്തിയത് തുറന്ന ഭീഷണി തന്നെയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ഥിതി ഈ വിധത്തില്‍ മുന്നോട്ട് പോയാല്‍ യൂറോപ്പില്‍ സംഘര്‍ഷം പടരുമെന്നാണ് ആശങ്ക.