ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന്റെ പേരില്‍ അമ്മയെ ചുട്ടുകൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം ശിക്ഷ 'വാങ്ങിക്കൊടുത്ത്' പെണ്‍മക്കള്‍. ആറ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിലാണ് രണ്ട് പെണ്‍മക്കള്‍ തങ്ങളുടെ അമ്മയ്ക്ക് നീതി നേടികൊടുത്തത്. ഉത്തര്‍പ്രദേശ് സ്വദേശി മനോജ് ബന്‍സാലിനെയാണ് ഭാര്യ അനു ബന്‍സാലിനെ ദാരുണമായി കൊലപ്പെടുത്തിയത്.
2016 ജൂണ്‍ 14നാണ് മനോജും സംഘവും അനുവിനെ ജീവനോടെ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂണ്‍ 20ന് മരണപ്പെട്ടു. ആറു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെ അച്ഛന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മക്കളായ ടാനിയ ബന്‍സാലും (18) ലതിക ബന്‍സാലും (20) പറഞ്ഞു.
2000 ലാണ് മനോജ് ബന്‍സാല്‍ അനുവിനെ വിവാഹം ചെയ്തത്. രണ്ടു പെണ്‍മക്കള്‍ ജനിച്ച ശേഷം ആണ്‍കുട്ടിക്കായി ആഗ്രഹിച്ച് അനു ബന്‍സാല്‍ അഞ്ചു തവണ കൂടി ഗര്‍ഭിണിയായി. ലിംഗനിര്‍ണയ പരിശോധനയില്‍ പെണ്‍കുട്ടിയാണെന്നു കണ്ടതോടെ അഞ്ചു തവണയും ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. തുടര്‍ന്ന് അനു നിരന്തരം മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു.
അനുവിന്റെ അമ്മയാണ് മനോജിനെതിരെ കേസ് ഫയല്‍ ചെയ്തത്. 'ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്നു പറഞ്ഞ് അച്ഛനാണ് അമ്മയെ കൊലപ്പെടുത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. എന്നിട്ടും അച്ഛന്‍ ജീവനോടെ അമ്മയെ ചുട്ടുകൊന്നു. ഞങ്ങള്‍ക്ക് അയാള്‍ വെറും ചെകുത്താന്‍ മാത്രമാണ്. ആറു വര്‍ഷം നിയമപോരാട്ടം വേണ്ടിവന്നെങ്കിലും അയാള്‍ക്കു ശിക്ഷ കിട്ടിയത് അല്‍പം ആശ്വാസം നല്‍കുന്നു. അച്ഛനും മറ്റാളുകളും ചേര്‍ന്ന് അമ്മയെ ചുട്ടുകൊല്ലുമ്പോള്‍ ഞങ്ങളെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അമ്മയെ അവര്‍ കൊല്ലുന്നതിന് ഞങ്ങള്‍ സാക്ഷികളാണ്' ടാനിയയും ലതികയും പറഞ്ഞു.