ദശകത്തിന്റെ അവസാനത്തോടെ ഇന്‍കംടാക്‌സ് 4 പെന്‍സ് കുറയ്ക്കാനുള്ള പദ്ധതി പുറത്തുവിട്ട് ഋഷി സുനാക്. ടോറി അംഗങ്ങളുടെ പിന്തുണ നേടാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് മുന്‍ ചാന്‍സലര്‍ മാര്‍ഗററ്റ് താച്ചര്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇന്‍കംടാക്‌സ് വെട്ടിക്കുറവ് വാഗ്ദാനം മുന്നോട്ട് വെയ്ക്കുന്നത്.
നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത നിലപാടുകള്‍ മൂലം ടോറി നേതൃപോരാട്ടത്തില്‍ മുന്നേറാന്‍ കഴിയാത്ത അവസ്ഥയിലാണ് ഋഷി സുനാക്. മറുഭാഗത്ത് കുറഞ്ഞ നികുതി വാഗ്ദാനങ്ങളും, നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന തിരിച്ച് കൊണ്ടുപോകുമെന്നും ആണയിട്ട് ലിസ് ട്രസ് പിന്തുണ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സര്‍വ്വെകളില്‍ ലിസ് ട്രസിന്റെ ലീഡ് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ടോറി അംഗങ്ങള്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് ഈ വിടവ് നികത്താനുള്ള ശ്രമത്തിലാണ് സുനാക്. 2024-ഓടെ ഇന്‍കം ടാക്‌സ് ബേസ് റേറ്റില്‍ നിന്നും 1 പെന്‍സ് കുറയ്ക്കുമെന്ന് നേരത്തെ തന്നെ സുനാക് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ അടുത്ത പാര്‍ലമെന്റിന്റെ അവസാനത്തോടെ ഇത് വീണ്ടും 3 പെന്‍സ് കൂടി കുറയ്ക്കാമെന്നാണ് സുനാകിന്റെ വാഗ്ദാനം. പ്രതിവര്‍ഷം 6 ബില്ല്യണ്‍ പൗണ്ട് നികുതി വരുമാനം കുറയ്ക്കുന്നതാണ് പദ്ധതി. നേടാന്‍ സാധ്യതയുള്ള സാമ്പത്തിക വളര്‍ച്ചയില്‍ നിന്നുള്ള അധിക നികുതി വരുമാനം ഉപയോഗിച്ചാണ് ഇതിന് ഫണ്ട് ചെയ്യുക.
ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ ഇന്‍കംടാക്‌സ് ബേസ് റേറ്റ് 20 പെന്‍സില്‍ നിന്നും 2029 ഡിസംബര്‍ അവസാനത്തോടെ 16 പെന്‍സായി താഴും. 'മാര്‍ഗററ്റ് താച്ചര്‍ ഗവണ്‍മെന്റിന് ശേഷം ഏറ്റവും വലിയ നികുതി വെട്ടിക്കുറയ്ക്കലാണ് ഞാന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇത് യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നീക്കമാണ്. പണപ്പെരുപ്പം കൂട്ടുന്ന തരത്തില്‍ നികുതി താഴ്ത്താന്‍ ഞാന്‍ തയ്യാറല്ല. പണം കൊടുക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളും വെയ്ക്കില്ല. നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് വിശ്വാസ്യതയും പുലര്‍ത്തും', ഋഷി സുനാക് പ്രഖ്യാപിച്ചു.