ബ്രിട്ടനില്‍ ജീവിതച്ചെലവ് കൈവിട്ട് കുതിച്ചുയരുകയാണ്. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ സ്ഥിതി ആശങ്കാജനകവുമാണ്. എന്നാല്‍ ഇത് തുടര്‍ന്ന് പോയാല്‍ അധികം വൈകാതെ രാജ്യത്ത് കുറ്റകൃത്യങ്ങളും, മരണങ്ങളും, കലാപങ്ങളും വ്യാപിക്കുമെന്ന ആശങ്കയിലാണ് പൊതുജനം.
കുതിച്ചുയരുന്ന ബില്ലുകള്‍ രാജ്യത്തെ അസ്വസ്ഥതയിലേക്കും, സംഘര്‍ഷത്തിലേക്കും തള്ളിവിടുമെന്നാണ് ജനങ്ങള്‍ ഭയക്കുന്നത്. എനര്‍ജി ബില്ലുകള്‍ അടയ്ക്കാന്‍ ആളുകള്‍ തയ്യാറാകാതെ പോകുമെന്ന് 70 ശതമാനം പേരും, ഷോപ്പുകളില്‍ മോഷണം ഉയരുമെന്ന് 80 ശതമാനവും, കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന് 51 ശതമാനം ആളുകളും കരുതുന്നു.
ഈ വിന്ററില്‍ വീടുകള്‍ ചൂടാക്കാന്‍ പ്രാപ്തിയില്ലാതെ ആളുകള്‍ തണുത്ത് വിറങ്ങലിച്ച് മരിക്കുമെന്ന് നാലില്‍ മൂന്ന് പേരും ഭയക്കുന്നു. ചെലവുകള്‍ കൂടുന്നതിന് എനര്‍ജി, ഓയില്‍ സ്ഥാപനങ്ങളാണ് കാരണക്കാരെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത പകുതിയിലേറെ പേരും അഭിപ്രായപ്പെട്ടു. ഷെല്ലും, ബ്രിട്ടീഷ് ഗ്യാസും റെക്കോര്‍ഡ് ലാഭം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.
ജീവിതച്ചെലവുകള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുമെന്ന് പത്തില്‍ ഒന്‍പത് പേരും കരുതുന്നു. ജനങ്ങളെ സഹായിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അടുത്ത പ്രധാനമന്ത്രിക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് സര്‍വ്വെയെന്ന് ഗവേഷണം സംഘടിപ്പിച്ച മോര്‍ ഇന്‍ കോമണ്‍ യുകെ ഡയറക്ടര്‍ ലൂക്ക് ട്രില്‍ പറഞ്ഞു.