വിന്റര്‍ തേടിയെത്തുമ്പോള്‍ മഞ്ഞ് വീണുകിടക്കുന്ന മരങ്ങളും, പുല്‍മേടുകളും. ബ്രിട്ടനെ സംബന്ധിച്ച് അതൊരു കാഴ്ച തന്നെയാണ്. ഈ വിന്ററില്‍ പച്ചപ്പിനെ മറച്ച് വെളുത്ത മഞ്ഞുകണങ്ങള്‍ പുല്‍കിനില്‍ക്കുന്ന കാഴ്ച അസാധ്യമായതല്ലെന്നാണ് അന്തരീക്ഷം വെളിവാക്കുന്നത്. ആര്‍ട്ടിക് ബ്ലാസ്റ്റ് പണിതുടങ്ങിയതോടെയാണ് രാജ്യം കൊടുംതണുപ്പിലേക്ക് വഴുതിവീണത്.
ഇന്നലെ ലണ്ടനിലെ റിച്ച്മണ്ട് പാര്‍ക്കില്‍ താപനില -7 സെല്‍ഷ്യസായി താഴ്ന്നു. ആര്‍ട്ടിക് ബ്ലാസ്റ്റ് മൂലമാണ് രാജ്യത്ത് താപനില പൊടുന്നനെ താഴാന്‍ ഇടയാക്കിയത്. രണ്ടാഴ്ചയെങ്കിലും ഈ നിലയില്‍ തുടരുമെന്നാണ് അറിയിപ്പ്. ഡിസംബര്‍ 10 വരെയെങ്കിലും താപനില ഈ വിധത്തില്‍ തുടരും. ഇതിന് ശേഷം കാറ്റും, ഈര്‍പ്പവുമേറിയ കാലാവസ്ഥ തേടിയെത്തുമെന്നാണ് വ്യക്തമാകുന്നത്.
ആഘോഷ സീസണ്‍ അരികിലേക്ക് എത്തുമ്പോള്‍ ശരാശരിയ്ക്ക് മുകളിലേക്ക് താപനില തിരിച്ചെത്തുമെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനം സൂചന നല്‍കുന്നത്. എന്നിരുന്നാലും 'വെളുത്ത' മഞ്ഞ് നിറഞ്ഞ ക്രിസ്മസ് ആഘോഷിക്കാന്‍ കാത്തിരിക്കുന്നത് പ്രതീക്ഷയ്ക്കുള്ള വകയും മെറ്റ് ഓഫീസ് അറിയിപ്പിലുണ്ട്. തണുപ്പേറിയ കാലാവസ്ഥയും, അതുമായി ബന്ധപ്പെട്ട ശൈത്യകാല അപകടസാധ്യതകളും തള്ളിക്കളയുന്നില്ലെന്നാണ് മെറ്റ് വ്യക്തമാക്കുന്നത്.
താപനില താഴുമ്പോള്‍ നോര്‍ത്തേണ്‍ ഐറിഷ് മേഖലയില്‍ താമസിക്കുന്നവര്‍ക്കാണ് ഹീറ്റിംഗ് ആദ്യം പ്രവര്‍ത്തിപ്പിച്ച് തുടങ്ങേണ്ടിവരിക. സൗത്ത് ഈസ്റ്റില്‍ 12.8 സെല്‍ഷ്യസ് വരെ താപനിലയാണ് കുടുംബങ്ങള്‍ നേരിടുന്നത്. സ്‌കോട്ട്‌ലണ്ടില്‍ 11.9 സെല്‍ഷ്യസ് വരെ നേരിട്ട ശേഷമാണ് ഹീറ്റിംഗ് ഉപയോഗം വര്‍ദ്ധിച്ചത്. എന്നാല്‍ ഗ്യാസ് വില ഉയരുന്നത് വീടുകള്‍ ഹീറ്റ് ചെയ്ത് നിലനിര്‍ത്തുന്നതിനെ ബാധിക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നു.