CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 6 Seconds Ago
Breaking Now

തെരുവുനായയെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; അപകടത്തില്‍ മരിച്ച യുവാവിന്റെ വീട്ടിലേക്ക് 8 കി.മീ നടന്നെത്തി; ഓടിച്ചുവിട്ടിട്ടും പോകാതെ നായ

അപകടസ്ഥലത്തുനിന്ന് 8 കിലോമീറ്റര്‍ ദുരെയുള്ള തിപ്പേഷിന്റെ വീട്ടിലേക്ക് നായ നടന്നെത്തുകയായിരുന്നു എന്നതും കൗതുകമാവുകയാണ്

തന്നെ രക്ഷിക്കാനായി ബൈക്ക് വെട്ടിച്ചപ്പോള്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ വീട്ടിലെത്തി വേദനയില്‍ നില്‍ക്കുന്ന തെരുവുനായയുടെ ദൃശ്യങ്ങള്‍ എല്ലാവരുടേയും ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണ്.

മരിച്ച യുവാവിന്റെ വീട്ടിലെത്തിയ നായ അമ്മയെ കാണുകയും തന്റെ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹോദരിയെ ബസ് സ്റ്റോപ്പില്‍ വിട്ട് തിരിച്ചുപോകുന്നതിനിടെയാണ് 21കാരനായ തിപ്പേഷ് എന്ന യുവാവ് മരണപ്പെട്ടത്.

ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കില്‍ ദാവണഗരെയിലെ ഹൊന്നാള്ളി ഏരിയയിലെ ക്യസനകെരെ സ്വദേശിയായ തിപ്പേഷ് കഴിഞ്ഞ നവംബര്‍ 16 നാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെരുവുനായ വാഹനത്തിനുമുന്നില്‍ ചാടിയതോടെ ഇടിക്കാതിരിക്കാന്‍ തിപ്പേഷ് ബൈക്ക് വെട്ടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് മറിഞ്ഞുവീണ തിപ്പേഷിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും വൈകാതെ മരണപ്പെടുകയും ചെയ്തു

അപകടസ്ഥലത്തുനിന്ന് തിപ്പേഷിന്റെ മൃതദേഹം മാറ്റിയപ്പോള്‍ ആ വാഹനത്തിനു പിന്നാലെ തെരുവുനായയും കൂടി. യുവാവിന്റെ വീട്ടിലേത്തിയ നായ ആ പരിസരത്തുതന്നെ കറങ്ങിനടക്കുകയും ചെയ്തു. നാട്ടുകാരില്‍ ചിലര്‍ നായയെ തല്ലിയോടിച്ചെങ്കിലും മൂന്നു ദിവസത്തിനുശേഷം വീണ്ടും തിപ്പേഷിന്റെ വീട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.

'വീട്ടിലേക്ക് കയറിവന്ന നായ എന്റെ കൈയില്‍ തല ചായ്ച്ചു. കൈ തന്നു. ഏറെ ദുഃഖിതനായിരുന്നുവെന്ന് തോന്നി. മകന്റെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ചതുപോലെയാണ് തോന്നിയത്.' എന്നാണ് തിപ്പേഷിന്റെ അമ്മ യശോദാമ്മ പറഞ്ഞത്.

അപകടസ്ഥലത്തുനിന്ന് 8 കിലോമീറ്റര്‍ ദുരെയുള്ള തിപ്പേഷിന്റെ വീട്ടിലേക്ക് നായ നടന്നെത്തുകയായിരുന്നു എന്നതും കൗതുകമാവുകയാണ്. തിപ്പേഷിന്റെ ശവസംസ്‌കാര ചടങ്ങ് നടക്കുന്ന സമയത്തും ഈ നായ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

മൂന്നുദിവസത്തിനുശേഷമാണ് തെരുവുനായ വീട്ടില്‍ കയറി അമ്മയെ കണ്ടത്.നായ ഈ കുടുംബത്തിനൊപ്പം കഴിയുകയാണിപ്പോള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.