കടലില്‍ മുക്കി മാമ്മോദീസ നടത്തിയ 500 അഭയാര്‍ത്ഥി അപേക്ഷകരില്‍ പകുതി പേരും മതം മാറിയ ശേഷം അപ്രത്യക്ഷമായെന്ന് ചര്‍ച്ച് മിനിസ്റ്ററുടെ വെളിപ്പെടുത്തല്‍. സൗത്ത് വെയില്‍സിലെ ബീച്ചിലാണ് കുടിയേറ്റക്കാരുടെ കൂട്ട മാമ്മോദീസ ചടങ്ങുകള്‍ സംഘടിപ്പിച്ചതെന്ന് പാസ്റ്റര്‍ ഫിലിപ്പ് റീസ് പറയുന്നു. വിന്റര്‍ മാസങ്ങളിലെ കൊടുംതണുപ്പിലാണ് വിശ്വാസത്തിന്റെ പരീക്ഷണമെന്ന നിലയില്‍ ഇത് നടത്തിപ്പോന്നതെന്ന് റീസ് മെയിലിനോട് പറഞ്ഞു.
ശൈത്യകാല കാറ്റ് വീശുന്ന ബാറി ഐലന്‍ഡിലെ ബീച്ചില്‍ നാല്‍പ്പതോളം അഭയാര്‍ത്ഥി അപേക്ഷകരെ മാമ്മോദീസ മുക്കുന്ന വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരമാലകളിലൂടെ കടന്നെത്തുന്ന കുടിയേറ്റക്കാരെ ആലിംഗനം ചെയ്താണ് പാസ്റ്റര്‍ റീസ് സമ്പൂര്‍ണ്ണമായി മുക്കിയ മാമ്മോദീസകള്‍ നടത്തുന്നത്.
കാര്‍ഡിഫിലെ ട്രെഡെഗാര്‍വില്ലെ ബാപ്ടിസ്റ്റ് ചര്‍ച്ചില്‍ 16 വര്‍ഷത്തോളം മിനിസ്റ്ററായിരുന്ന 74-കാരനായ പാസ്റ്റര്‍ റീസ് താന്‍ മാമ്മോദീസ് നടത്തിയ 60 ശതമാനം ആളുകളെ പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നു. നല്ലൊരു ശതമാനം ആളുകളും ജോലി കണ്ടെത്താനായി ഈ മേഖല വിട്ടുപോകുന്നതാണ് കാരണം. ദൈവമാണ് തങ്ങള്‍ക്ക് അരികിലേക്ക് അഭയാര്‍ത്ഥി അപേക്ഷകരെ എത്തിക്കുന്നതെന്നും, ചര്‍ച്ചിന് തൊട്ടടുത്തായി ഹോം ഓഫീസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതായും പാസ്റ്റര്‍ പറയുന്നു.
എന്നാല്‍ ഈ വാക്കുകളില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസിയായി മതം മാറുന്ന അഭയാര്‍ത്ഥി അപേക്ഷകരുടെ ഉദ്ദേശം വ്യക്തമാകും. പുതിയ മതത്തിലേക്ക് മാറിയെന്ന് വ്യാജമായി അവകാശപ്പെട്ട് യുകെയില്‍ തുടരാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുക. മതത്തിന്റെ പേരില്‍ അഭയാര്‍ത്ഥിത്വം നല്‍കിയ കുടിയേറ്റക്കാരുടെ എണ്ണം ഹോം ഓഫീസിന്റെ കൈകളില്‍ ലഭ്യമല്ല.
കാല്‍പാമില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥി കെമിക്കല്‍ അക്രമം നടത്തിയ സംഭവം വിവാദമായതോടെ ക്രിസ്ത്യാനിയായി മതം മാറിയെന്ന് വാദിച്ച് പ്രതി എങ്ങിനെ യുകെയില്‍ തങ്ങാന്‍ അനുമതി നേടിയെന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി കമ്മീഷനെ നിയോഗിച്ചു.