ജൂതവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായി ലേബര്‍ പാര്‍ട്ടി. റോച്ച്‌ഡേലിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അസര്‍ അലിയാണ് ഒക്ടോബര്‍ 7ന് സ്വന്തം ജനങ്ങള്‍ക്ക് നേരെ ഹമാസ് ഭീകരക്രമണം നടത്താന്‍ ഇസ്രയേല്‍ മനഃപ്പൂര്‍വ്വം അനുവദിക്കുകയായിരുന്നുവെന്ന് ആരോപിച്ചത്. രഹസ്യ ശബ്ദരേഖ പുറത്തുവന്നതോടെ ഇയാള്‍ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
മണിക്കൂറുകള്‍ക്ക് മുന്‍പ് കൗണ്‍സിലര്‍ക്ക് പിന്നില്‍ അണിനിരന്ന ശേഷമാണ് നേതാവ് കീര്‍ സ്റ്റാര്‍മറിന് നിലപാട് തിരുത്തേണ്ടി വന്നത്. ഓണ്‍ലൈനില്‍ നടക്കുന്ന ഊഹാപോഹങ്ങള്‍ ഏറ്റെടുത്ത് ഇത് പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് അലിക്ക് ഒപ്പം നില്‍ക്കാന്‍ സ്റ്റാര്‍മര്‍ നേരത്തെ നിരത്തിയ ന്യായീകരണം.
എന്നാല്‍ വിവാദം ആളിക്കത്തിയതോടെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ പിന്തുണ റദ്ദാക്കാന്‍ ലേബര്‍ നിര്‍ബന്ധിതമായി. ലങ്കാഷയര്‍ ലേബര്‍ പാര്‍ട്ടി യോഗത്തിലാണ് ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ കുറിച്ച് അസര്‍ അലി വിവാദ പ്രസ്താവനകള്‍ നടത്തിയത്. സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യാന്‍ അനുവദിക്കുന്നത് വഴി ഗാസയില്‍ യുദ്ധം നടത്താനുള്ള കാരണം കണ്ടെത്തുകയായിരുന്നു ഇസ്രയേലെന്ന് അലി ആരോപിച്ചു.
അലിയുടെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സ്റ്റാര്‍മര്‍ പ്രതിസന്ധിയിലായത്. സെമറ്റിക് വിരുദ്ധ പ്രസ്താവന നടത്തിയ മിഡില്‍സ്ബറോയിലെ ലേബര്‍ എംപി ആന്‍ഡി മക്‌ഡൊണാള്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത് മാധ്യമങ്ങളാണെന്ന് അലി കുറ്റപ്പെടുത്തിയിരുന്നു.
പ്രസ്താവനകള്‍ അനുചിതമാണെന്ന് അലി പിന്നീട് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ ലേബര്‍ പാര്‍ട്ടി ജൂതവിരുദ്ധ സംഘമാണെന്ന ആരോപണം ശക്തമാക്കാന്‍ ഈ സംഭവം വഴിയൊരുക്കുമെന്ന് വ്യക്തമായതോടെയാണ് സ്റ്റാര്‍മര്‍ മറുകണ്ടം ചാടിയത്.