എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ചികിത്സയിലുള്ള ഒരു രോഗിയുടെ അവസ്ഥ മോശമാകുന്നുവെന്നോ, പകരം ചികിത്സ തേടണമെന്നോ ആഗ്രഹിച്ചാല്‍ പോലും ഇത് നടപ്പാക്കാന്‍ കുടുംബങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഈ സ്ഥിതിക്ക് ഇനി മാറ്റം വരികയാണ്. അതിനായാണ് 'മാര്‍ത്താസ് റൂള്‍' നിലവില്‍ വന്നിരിക്കുന്നത്. രോഗസ്ഥിതി വഷളാകുന്നതായി ആശങ്ക തോന്നിയാല്‍ അടിയന്തര റിവ്യൂവിന് അനുമതി നല്‍കുന്നതാണ് പുതിയ നിയമം.
ഒരു ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ സെക്കന്‍ഡ് ഒപ്പീനിയന്‍ തേടാന്‍ നിയമം വഴിയൊരുക്കുന്നു. ഇത് ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രയോജനപ്പെടുത്താം, ആശുപത്രികളില്‍ ഇത് സംബന്ധിച്ച് പരസ്യപ്പെടുത്തുകയും ചെയ്യും. രോഗിയുടെ സ്ഥിതി പെട്ടെന്ന് വഷളാവുകയോ, തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പരിചരണം ലഭിക്കുന്നില്ലെന്ന് കുടുംബത്തിന് തോന്നുകയോ ചെയ്താല്‍ ആശുപത്രിയിലെ മറ്റൊരു ടീമിന്റെ അടിയന്തര ക്ലിനിക്കല്‍ റിവ്യൂ തേടാന്‍ കഴിയും.
ചുരുങ്ങിയത് 100 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈ നിയമം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷവും, അടുത്ത വര്‍ഷവും പ്രോഗ്രാം നിരീക്ഷിക്കും. ഇതിന് ശേഷം മാര്‍ത്താസ് റൂള്‍ എല്ലാ അക്യൂട്ട് ഹോസ്പിറ്റലുകളിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യം. 2021-ല്‍ മാര്‍ത്താ മില്‍സ് എന്ന 13-കാരിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമം നടപ്പാക്കുന്നത്. സൗത്ത് ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പരിചരണത്തിലായിരുന്ന കുട്ടിക്ക് സെപ്‌സിസ് രൂപപ്പെട്ടു.
ഡോക്ടര്‍മാര്‍ ഈ ലക്ഷണങ്ങള്‍ അല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ രക്ഷപ്പെട്ട് പോകുമായിരുന്നുവെന്ന് കൊറോണര്‍ സ്ഥിരീകരിച്ചു. മാര്‍ത്തയുടെ മാതാപിതാക്കള്‍ തങ്ങളുടെ ആശങ്കകള്‍ പല തവണ അറിയിച്ചെങ്കിലും ഇത് അവഗണിക്കപ്പെട്ടു. ഇവരാണ് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ അധികാരം നല്‍കണമെന്ന് പ്രചരണം സംഘടിപ്പിച്ചത്. ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഭാവിയില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുന്നതാണ് മാര്‍ത്താസ് റൂളെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് വ്യക്തമാക്കി.