മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് യുകെ റോഡുകളില്‍ പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരെ ഉടനടി വിലക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതം. പരിധി കടന്ന് ഇവ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ കോടതി ഹിയറിംഗിന് പോലും കാത്തുനില്‍ക്കാതെ ലൈസന്‍സുകള്‍ പിടിച്ചെടുക്കാന്‍ കഴിയണമെന്നാണ് പോലീസ് മേധാവികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിന് പുറമെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് അപകടം ഉണ്ടാക്കി ആളുകളെ കൊല്ലുന്ന ഡ്രൈവര്‍മാര്‍ക്ക് എതിരെ കൊലപാതക കുറ്റം ചുമത്താനും കഴിയണമെന്ന് ഉന്നത സസെക്‌സ് പോലീസ് ഉദ്യോഗസ്ഥ ജോ ഷൈനര്‍ പറഞ്ഞു. ക്രിസ്മസ് ദിവസം നടത്തിയ 56,000 ടെസ്റ്റുകളില്‍ 6616 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്‌തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിന് നടത്തിയ സ്വാബ് ടെസ്റ്റുകളില്‍ പകുതിയും, ബ്രെത്അനലൈസര്‍ ടെസ്റ്റില്‍ പത്തിലൊന്നും പോസിറ്റീവായിരുന്നു. പുരുഷന്‍മാരില്‍ 84 ശതമാനം പോസിറ്റീവ് റിസല്‍റ്റ് ലഭിച്ചപ്പോള്‍, കാല്‍ശതമാനവും 25 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഈ ഘട്ടത്തിലാണ് ഇത്തരം ആളുകളെ റോഡുകളില്‍ നിന്നും വിലക്കാന്‍ അധികാരം വേണമെന്ന് പോലീസ് ആവശ്യം ഉയര്‍ത്തുന്നത്.
'ഇവരെ റോഡരികില്‍ വെച്ച് തന്നെ അയോഗ്യരാക്കാന്‍ സാധിക്കണം. മദ്യപിച്ചുള്ള ഡ്രൈവിംഗ് ഉള്‍പ്പെടെ കേസുകള്‍ വളരെ വ്യക്തമാണ്', നാഷണല്‍ പോലീസ് ചീഫ് കൗണ്‍സില്‍ റോഡ് പോലീസിംഗ് ലീഡ് ചീഫ് കോണ്‍സ്റ്റബിള്‍ ഷൈനര്‍ വ്യക്തമാക്കി. മറ്റൊരാളുടെ ജീവനെടുത്തതിന്റെ പൂര്‍ണ്ണമായ പ്രത്യാഘാതങ്ങള്‍ എന്ത് കൊണ്ട് ഇവര്‍ നേരിടുന്നില്ലെന്നാണ് ഇവരുടെ ചോദ്യം.
മദ്യപിച്ചുള്ള ഡ്രൈവിംഗ് പോലെ ഗുരുതരമായ കാര്യമാണ് മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡ്രൈവിംഗ് എന്ന് യുവാക്കള്‍ കരുതുന്നില്ലെന്നത് ഭയപ്പെടുത്തുന്ന വിഷയമാണെന്ന് ഷൈനര്‍ ചൂണ്ടിക്കാണിക്കുന്നു.