ഓട്ടം സീസണ്‍ വരെ തെരഞ്ഞെടുപ്പ് വൈകിക്കുന്നത് കനത്ത തോല്‍വിക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുമായി ടോറികള്‍. ഇതിനിടെ സമ്മര്‍ തെരഞ്ഞെടുപ്പ് നടത്തുന്ന വിഷയത്തില്‍ നം.10 ആലോചന തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. റുവാന്‍ഡ പദ്ധതിയുടെ പേരില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി ഉപയോഗിക്കുമെന്നാണ് എംപിമാര്‍ ആശങ്കപ്പെടുന്നത്.
മുന്‍ ദശകങ്ങളില്‍ മോശമാക്കി വെച്ച അവസ്ഥയില്‍ നിന്നുമാണ് തനിക്ക് ഗവണ്‍മെന്റിനെ നയിക്കേണ്ടി വന്നതെന്ന് പ്രധാനമന്ത്രി പൊതുമുഖത്ത് തന്നെ ആരോപണം ഉന്നയിച്ചതോടെയാണ് വെസ്റ്റ്മിന്‍സ്റ്ററില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. രാജ്യം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയാല്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി ഏകപക്ഷീയ വിജയം കൊയ്യുമെന്ന സര്‍വ്വെ ഫലങ്ങളാണ് കണ്‍സര്‍വേറ്റീവുകള്‍ക്കിടയില്‍ അനിശ്ചിതാവസ്ഥ വ്യാപകമാക്കുന്നത്.
അടുത്ത പാര്‍ലമെന്റില്‍ ലേബര്‍ അധികാരത്തിലെത്താന്‍ 99 ശതമാനം സാധ്യതയാണുള്ളതെന്ന് തെരഞ്ഞെടുപ്പ് ഗുരു സര്‍ ജോണ്‍ കര്‍ട്ടിസ് കണക്കാക്കുന്നു. ഈയാഴ്ച രണ്ട് മന്ത്രിമാര്‍ കൂടി രാജിവെച്ച് ഒഴിഞ്ഞത് ഗവണ്‍മെന്റിനും തിരിച്ചടിയാണ്. മേയ് 2ന് ലോക്കല്‍, മേയര്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വിശ്വാസവോട്ടെടുപ്പ് തേടേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതില്‍ പ്രധാനമന്ത്രി പിടിച്ചുനിന്നാലും വലിയ തിരിച്ചടികള്‍ പിന്നീട് നേരിടുമെന്നാണ് ആശങ്ക.
ചാനല്‍ കടത്ത് സമ്മറില്‍ വര്‍ദ്ധിക്കുന്നതും, സാമ്പത്തിക വളര്‍ച്ച ഉയരാതെ ഇരിക്കുന്നതും ചേര്‍ന്നാണ് ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കുക. ഈ ഘട്ടത്തിലാണ് സകലതും നഷ്ടമാകുന്നത് വരെ കാത്തിരിക്കാതെ സമ്മറില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വലിയ പരുക്കുകളില്ലാതെ രക്ഷപ്പെടാന്‍ വഴിയൊരുക്കണമെന്ന് ടോറികള്‍ക്കിടയില്‍ നിലപാട് വ്യാപകമാകുന്നത്.