രണ്ട് വീടുകള്‍ കൈവശം വെച്ചുവെന്ന് വ്യക്തമായതിന്റെ പേരിലുള്ള വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ലേബര്‍ ഡെപ്യൂട്ടി നേതാവ് ആഞ്ചെല റെയ്‌നറുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. മുന്‍ അയല്‍വാസി ഒപ്പുവെച്ച സുപ്രധാന രേഖ പുറത്തുവന്നതോടെയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ച് കയറുമ്പോള്‍ സുപ്രധാന സ്ഥാനം പിടിക്കാമെന്ന് മോഹിച്ചിരിക്കുന്ന റെയ്‌നര്‍ക്ക് മേല്‍ കുരുക്ക് മുറുകുന്നത്.
ആ സമയത്തെ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നുവെന്നാണ് ലേബര്‍ ഡെപ്യൂട്ടി നേതാവ് ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ബില്‍ ഒഴിവാക്കാന്‍ ന്യായം ഉന്നയിച്ചത്. എന്നാല്‍ ആഞ്ചെല റെയ്‌നര്‍ പറഞ്ഞത് ശുദ്ധ നുണയാണെന്നാണ് വീട് വില്‍പ്പനയിലെ സാക്ഷി കൂടിയായ അയല്‍ക്കാരി സില്‍വിയ ഹാംപ്‌സണ്‍ ആരോപിക്കുന്നത്.
റെയ്‌നറുടെ വീട്ടില്‍ നിന്നും ഒരു മൈല്‍ ദൂരെ അന്നത്തെ ഭര്‍ത്താവിന്റെ അയല്‍വാസിയായിരുന്നു സില്‍വിയ. എന്നിട്ടും ഇവരെയാണ് രേഖയില്‍ ഒപ്പിടാനായി ക്ഷണിച്ചത്. താന്‍ ഒറ്റയ്ക്ക് താമസിച്ചതായി പറയപ്പെടുന്ന വീടിന് അടുത്തുള്ളവരെ ഇതില്‍ ഒപ്പുവെയ്ക്കാന്‍ എന്ത് കൊണ്ട് വിളിച്ചില്ലെന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.
ഇലക്ടറല്‍ നിയമം ലംഘിച്ചതിനും, ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് നല്‍കാതിരുന്നതിനും, ഒറ്റയ്ക്ക് താമസിക്കുന്നതായി അവകാശപ്പെട്ട് കൗണ്‍സില്‍ ടാക്‌സ് ഡിസ്‌കൗണ്ട് നേടിയതും ഉള്‍പ്പെടെ വിഷയങ്ങളിലാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അന്വേഷണം നടത്തുന്നത്. പോലീസിന് ഹാംപ്‌സണ്‍ തെളിവ് കൈമാറിയെന്നാണ് വിവരം. വീട് വില്‍പ്പനയില്‍ ക്രിമിനല്‍ കുറ്റം തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നാണ് റെയ്‌നര്‍ പ്രതികരിക്കുന്നത്.