കനത്ത സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളുടെ പരിചരണത്തില്‍ ഞെട്ടിക്കുന്ന തോതില്‍ രോഗികള്‍ മരണത്തിന് കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. സുപ്രധാന എന്‍എച്ച്എസ് റിപ്പോര്‍ട്ട് ഇന്‍ഡിപെന്‍ഡന്റിന് ചോര്‍ന്ന് കിട്ടിയതോടെയാണ് കണക്കുകള്‍ പുറത്തുവന്നത്.
കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് ടീമുകളുടെ പരിചരണത്തിലുള്ള 15,000-ലേറെ രോഗികളാണ് ഒരു വര്‍ഷത്തിനിടെ മരിച്ചത്. പരിചരണത്തിനായുള്ള ഡിമാന്‍ഡ് എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയതിന് പുറമെ ജീവനക്കാര്‍ക്കും, ഫണ്ടിംഗിനുമായുള്ള നെട്ടോട്ടത്തിലാണ് ട്രസ്റ്റുകള്‍.
2022 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലെ മരണങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത്തരം മരണങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആദ്യമായി ഈ കണക്കുകള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല.
ആത്മഹത്യ ചെയ്തത് മുതല്‍ ആത്മഹത്യയെന്ന് ഇന്‍ക്വസ്റ്റ് സ്ഥിരീകരിക്കാത്ത മരണങ്ങളും, ഹൃദയാഘാതം, സ്‌ട്രോക്ക്, വാഹനാപകടം എന്നിവയിലൂടെ സംഭവിച്ച അപ്രതീക്ഷിത മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ചികിത്സയ്ക്കായി പലപ്പോഴും പ്രിയപ്പെട്ടവര്‍ കേണപേക്ഷിക്കാറുണ്ടെന്ന് ആത്മഹത്യയില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ വെളിപ്പെടുത്തി.
ദശകങ്ങളായി കമ്മ്യൂണിറ്റി കെയര്‍ ആരാലും പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്ന് സീനിയര്‍ എന്‍എച്ച്എസ് ശ്രോതസ്സുകള്‍ പ്രതികരിച്ചു. ഇന്‍പേഷ്യന്റ് ആശുപത്രി സേവനങ്ങളിലാണ് ആരോഗ്യ മേധാവികള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകള്‍ ക്ലിനിക്കിലും, വീടുകളിലും നല്‍കുന്ന ചികിത്സ ഉള്‍പ്പെടെ വരും.