കര്‍ശനവും അസാധാരണവുവുമായ നിയമങ്ങള്‍ കൊണ്ടുവരാറുള്ള രാജ്യമാണ് ഉത്തരകൊറിയ. നിരവധി ജനപ്രിയ ആഗോള ഫാഷന്‍, സൗന്ദര്യവര്‍ധക ബ്രാന്‍ഡുകള്‍ക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ അടയാളമെന്ന് ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉത്തരകൊറിയ സമീപ വര്‍ഷങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. സ്‌കിന്നി ജീന്‍സ് ഉപയോഗം മുതല്‍ ബോഡി പിയേര്‍സിങ് വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചുവപ്പ് ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് ഉത്തര കൊറിയന്‍ സര്‍ക്കാര്‍.
ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാല്‍ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലിപ്സ്റ്റിക്ക് നിരോധനം. കൂടാതെ, ചുവപ്പ് ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്. ഇത് രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിയമമുണ്ട്. സത്രീകളുടെ മേക്കപ്പ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അധികാരികള്‍ പതിവ് പരിശോധനകളും നടത്തുന്നുണ്ട്.
അതേസമയം മുടി വെട്ടുന്നതിന് പോലും രാജ്യത്ത് നിയന്ത്രണങ്ങള്‍ ഉണ്ട്. അനുവദനീയമായ ഹെയര്‍സ്‌റ്റൈലുകള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശം തന്നെ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്ക് 10 ഉം സ്ത്രീകള്‍ക്ക് 18 ഉം ഹെയര്‍ സ്‌റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കാന്‍ ആവുക.
നിയമങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളില്‍ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക.