ജൂണ്‍ 22ന് വാറിംഗ്ടണിലെ വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള രജിസ്‌ട്രേഷന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിയോടെ സമ്മാനദാനത്തോടെ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ പരിഹരിച്ച് ചാംപ്യന്‍ പട്ടം നിലനിര്‍ത്താന്‍ ഓരോ മത്സരാര്‍ത്ഥികളും കഠിന പരിശീലനം നടത്തുന്നൂ എന്നതും അതോടൊപ്പം തന്നെ യുക്മ അംഗ അസോസിയേഷനുകളെല്ലാം ഏറ്റവും മികച്ച ടീമിനെ തന്നെ പങ്കെടുപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചു വരുന്നൂ എന്നതും കായികമേളയുടെ ആവേശം വിളിച്ചറിയിക്കുന്നു.
ഇതിനോടകം എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും കായികമേള നിയമാവലിയും പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന് വേണ്ട നിര്‍ദേശങ്ങളും നല്‍കി കഴിഞ്ഞു. ദേശീയ കായികമേളയുടെ നിയമാവലിയില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് സംബന്ധിച്ച് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ തലത്തില്‍ മാത്രം അംഗ അസ്സോസിയേഷനുകളുടെ അഭ്യര്‍ത്ഥന മാനിച്ച് ചില വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. അസ്സോസിയേഷനുകള്‍ക്ക് ഒറ്റത്തവണ ഫീസ് ആയ £75 നല്‍കി പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. ഒറ്റത്തവണ ഫീസ് അടയ്ക്കാതെ വ്യക്തിഗത ഇനങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ ഓരോ മത്സരത്തിനും £5 വീതവും 3 വ്യക്തിഗത ഇനങ്ങള്‍ക്ക് £12 എന്നും പരിമിതപ്പെടുത്തിയിട്ടുമുണ്ട്. റിലേ മത്സരങ്ങള്‍ക്ക് £16 ആണ് വ്യക്തിഗതമായി പങ്കെടുക്കുവാന്‍ രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കരുത്തിന്റെ പര്യായമായി നിലകൊള്ളുന്ന വടംവലി മല്‍സരത്തിന് £25 ആണ് റജിസ്‌ട്രേഷന്‍ ഫീസ്. വിജയികള്‍ക്ക് ലൈജു മാനുവല്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും ലഭിക്കുന്നതായിരിക്കും.
നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളില്‍ ഒന്നായ വാരിംഗ്ടണ്‍ വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തിലെ വിശാലമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് റീജിയണല്‍ കായികമേള നടത്തുവാന്‍ സാധിക്കുക എന്നത് തന്നെ ഇപ്രാവശ്യത്തെ പ്രത്യേകതയാണ്.
വാറിംഗടണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള 2024 ഒരു വന്‍ വിജയം ആക്കി മാറ്റാന്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെയും സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ ബിജു മൈക്കിള്‍, കോര്‍ഡിനേറ്റര്‍മാരായ തങ്കച്ചന്‍ എബ്രഹാം, സനോജ് വര്‍ഗ്ഗീസ്, നാഷണല്‍ എക്‌സിക്യൂട്ടീവ് ജാക്‌സണ്‍ തോമസ്, വാരിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി പ്രമീള ജോജോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ഒരുക്കങ്ങള്‍ നടത്തിവരുന്നത്. അതോടൊപ്പം തന്നെ യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ്, യുക്മ പി.ആര്‍.ഒ അലക്‌സ് വര്‍ഗ്ഗീസ് തുടങ്ങിയവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കായികമേള കുറ്റമറ്റതാക്കാന്‍ സഹായിക്കും.
റീജിയണല്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്കാണ് ജൂണ്‍ 29ന് സട്ടന്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കുന്ന യുക്മ ദേശീയ കായിക മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.
കായികമേള രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 15 ആണ്. കായികമേള സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ കോര്‍ഡിനേറ്റര്‍ തങ്കച്ചന്‍ എബ്രഹാമിനെ ബന്ധപ്പെടാവുന്നതാണ് 07883022378.